തെലങ്കാന: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഭാരത് മാതാവായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തെലങ്കാനയിലാണ് സോണിയ ഗാന്ധിയെ ഭാരത മാതാവായി ചിത്രീകരിക്കുന്ന കട്ടൗട്ടുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസുകാരുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ബിജെപി വിമർശിച്ചു.
ഭാരത മാതാവിനെ അപമാനിക്കുന്നത് കോൺഗ്രസിന്റെ ശീലമാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നത് അച്ചടക്കത്തിന് എതിരാണെന്നാണ് ആരാധനാ മിശ്രയെ പോലെയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഭാരത് മാതാ കീ ജയ് എന്നല്ല സോണിയ മാതാ കീ ജയ് എന്ന് പല കോൺഗ്രസ് നേതാക്കളും പറഞ്ഞിട്ടുണ്ട്. സോണിയാ ഗാന്ധിയെ ഭാരത് മാതാവിനോട് ഉപമിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരമാണ്. രാജ്യത്തെക്കാളും ജനങ്ങളെക്കാളും അവർക്ക് വലുത് എന്താണെന്ന് ഇതിലൂടെ തെളിയിക്കുകയാണെന്നും ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു.
തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന്റെ യോഗത്തിന് പിന്നാലെയാണ് സോണിയാ ഗാന്ധിയെ ഭാരത മാതാവായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടത്. സോണിയയെ ഭാരത മാതാവായും മറ്റ് കോൺഗ്രസ് നേതാക്കൾ അവരുടെ ചുറ്റിലുമായി നിൽക്കുന്ന തരം കട്ടൗട്ടുകളാണ് പലയിടത്തുമായി വച്ചിരിക്കുന്നത്.
Discussion about this post