ബീജിംഗ്: സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങൾ വരുമാനത്തിനായി പോലീസിനെ രംഗത്തിറക്കിയിരിക്കുന്നതായി റിപ്പോർട്ട്. ട്രാഫിക് നിയമലംഘകർക്ക് കടുത്ത പിഴ ഏർപ്പെടുത്തി സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനാണ് പ്രാദേശിക ഭരണകൂടങ്ങൾ ശ്രമിക്കുന്നത് എന്നാണ് വിവരം.
ട്രാഫിക് നിയമലംഘനങ്ങൾക്ക് പുറമേ ചട്ടലംഘനങ്ങൾ നടത്തുന്ന വ്യവസായികളിൽ നിന്നും ഭീമമായ തുകയാണ് ഈടാക്കുന്നത്. ചൈനയിലെ 31 പ്രവിശ്യകളിലും വരുമാനം വലിയ തോതിൽ ഇടിയുകയും ചിലവ് ഇരട്ടിയായിരിക്കുകയും ചെയ്തിരിക്കുകയാണ് എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പിഴ ചുമത്തി വരുമാനം കണ്ടെത്താനുള്ള നീക്കം.
അതേസമയം, പിഴ ഈടാക്കൽ കർശനമാക്കിയതോടെ, ചൈനയിലെ 111ൽ 80 വൻ നഗരങ്ങളിലും പ്രധാന വരുമാന ദാതാക്കൾ എന്ന പദവി പോലീസിന് ലഭിച്ചിരിക്കുകയാണ് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 15 നഗരങ്ങളിൽ പിഴ വരുമാനം ഇരട്ടിച്ചിരിക്കുകയാണ്. സിഷുവാൻ പ്രവിശ്യയിലെ ലെഷാനിൽ 155 ശതമാനമാണ് പിഴ വരുമാനത്തിലെ വർദ്ധനവ്. ജിയാംഗ്ഷി പ്രവിശ്യയിലെ നാൻചാങ്ങിലാകട്ടെ 151 ശതമാനമാണ് പിഴകളിലൂടെയുള്ള വരുമാന വർദ്ധനവ്.
രാജ്യമാകമാനം പോലീസ് ചെക്ക് പോയിന്റുകളുടെ എണ്ണം ചൈനീസ് സർക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ, തെറ്റായ ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർ തുടങ്ങി സൈക്കിളിൽ ഓവർ ലോഡ് വെക്കുന്നവർക്ക് വരെ വൻ തുകകളാണ് പിഴ. ചൈനയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും നഗരസമാനമായി പോലീസ് ഡ്രോണുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പറക്കുകയാണെന്നാണ് റിപ്പോർട്ട്.
ചൈന യൂത്ത് ഡെയ്ലി പത്രത്തിലെ റിപ്പോർട്ട് പ്രകാരം സ്ഥിരം ഗതാഗത നിയമലംഘകരായ ട്രക്ക് ഡ്രൈവർമാർക്ക് പിഴയിൽ ആകർഷകമായ ഓഫറുകളും ചൈനീസ് പോലീസ് അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 1,000 മുതൽ 2,000 യുവാൻ വരെ കൊടുത്ത് പാസ് എടുക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് ആ മാസം മുഴുവൻ പോലീസ് പരിശോധനക്ക് വിധേയരാകാതെ യഥേഷ്ടം വാഹനം ഓടിക്കാം.
വ്യവസായികളെയും പിഴിഞ്ഞ് പിഴ ഊറ്റുകയാണ് ചൈനീസ് പോലീസ്. സ്വന്തം പരിധിയ്ക്ക് അപ്പുറമുള്ള വ്യവസായികളെ കൊണ്ട് പോലും പിഴ അടപ്പിക്കുന്നതിന്റെ പേരിൽ ചൈനയിലെ വിവിധ പോലീസ് സ്റ്റേഷനുകൾ തമ്മിൽ കലഹവും പതിവാണ്. ഒരു വീഡിയോ സ്ട്രീമിംഗ് സംരഭകനെ കൊണ്ട് പിഴ അടപ്പിക്കാൻ കുറച്ച് മാസങ്ങൾക്ക് മുൻപ് ചൈനയിലെ ഒരു ലോക്കൽ പോലീസ് സംഘം 600 കിലോമീറ്റർ സഞ്ചരിച്ച് രാജ്യതലസ്ഥാനമായ ബീജിംഗിൽ എത്തിയ സംഭവവും വാർത്തയായിരുന്നു. വ്യവസായികളിൽ നിന്നും പിഴ ഈടാക്കാൻ വ്യാജ കേസുകൾ ചമയ്ക്കുന്ന രീതിയും നിലവിലുണ്ട്.
കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധി ചൈനയിലെ മിക്ക പ്രവിശ്യകളിലും പാരമ്യത്തിലാണ്. ഏറെ വിമർശിക്കപ്പെടുന്ന ചൈനീസ് സർക്കാരിന്റെ ‘സീറോ കൊവിഡ്‘ നയം പ്രാദേശിക ഭരണകൂടങ്ങളുടെ നട്ടെല്ലൊടിച്ചു. റിയൽ എസ്റ്റേറ്റ് മേഖല തകർന്നതും ഭൂമി വിൽപ്പനകൾ ഗണ്യമായി കുറഞ്ഞതും വരുമാന നഷ്ടം ഇരട്ടിയാക്കി. കൊവിഡ് വ്യാപനത്തിന് ശേഷം ചൈനയിൽ ഭൂവിൽപ്പന നികുതിയിൽ നിന്നുള്ള വരുമാനം 23 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.
ഒരിക്കൽ പിഴ ഈടാക്കിയതിന്റെ രസീത് ഉപയോഗിച്ച് വ്യാജ ഗതാഗത നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്ത് വൻ തുകകൾ പിഴ ഈടാക്കുന്ന സംഭവങ്ങളും വ്യാപകമാണ്. ഇത്തരത്തിൽ ഹെനാൻ പ്രവിശ്യയിലെ ഒരു ട്രക്ക് ഡ്രൈവർക്ക് രണ്ട് വർഷത്തിനിടെ 38,000 യുവാൻ പിഴ അടയ്ക്കേണ്ടി വന്നതായി പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ബാഷൂ നഗരത്തിൽ നിന്ന് മാത്രം രണ്ട് വർഷത്തിനിടെ 9 മില്ല്യൺ യുവാൻ ആണ് പിഴ ഇനത്തിൽ പിരിച്ചെടുത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന ചില പ്രവിശ്യകളിൽ ബസ് സർവീസുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ വെട്ടിച്ചുരുക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങുന്നതും പതിവാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post