ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ സഭാ സമ്മേളനത്തിന്റെ മാറ്റവും എക്കാലവും രാജ്യം ഓർമ്മിക്കപ്പെടുന്ന ചടങ്ങാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ. രാവിലെ 11 മണിക്ക് സെൻട്രൽ ഹാളിൽ ആരംഭിക്കുന്ന പ്രത്യേക ചടങ്ങിന് പ്രധാനമന്ത്രിയും രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും നേതൃത്വം നൽകും.
ഒന്നര മണിക്കൂർ നീളുന്ന ചടങ്ങാണ് നടക്കുക. മുതിർന്ന നേതാക്കൾ പുതിയ പാർലമെന്റിലേക്ക് സമ്മേളനത്തിനായി അംഗങ്ങളെ നയിക്കും. ഭാരതത്തിന്റെ സമ്പന്നമായ പാർലമെന്ററി പൈതൃകം ഉയർത്തിപ്പിടിച്ചും 2047 ഓടെ ഭാരതത്തെ വികസിത രാഷ്ട്രമായി മാറ്റാനുളള ഉറച്ച തീരുമാനത്തോടെയും പുതിയ മന്ദിരത്തിൽ സമ്മേളനത്തിന് തുടക്കം കുറിക്കും.
പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി അംഗങ്ങളെ സ്വാഗതം ചെയ്യും. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുളളവർ ചടങ്ങിൽ സംസാരിക്കും. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെയുളളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. മൻമോഹൻ സിംഗിനെക്കൂടാതെ രാജ്യസഭാംഗമായും ലോക്‌സഭാംഗമായും ഏറ്റവും കൂടുതൽ പരിചയസമ്പത്തുളള ഷിബു സോറനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരിയും ഉൾപ്പെടെയുളളവർ ചടങ്ങിൽ പ്രസംഗിക്കും. മുതിർന്ന ലോക്‌സഭാ എംപി മനേകാ ഗാന്ധിയെയും ചടങ്ങിൽ സംസാരിക്കാനായി ക്ഷണിച്ചിട്ടുണ്ട്. ദേശീയഗാനത്തോടെയാകും ചടങ്ങ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുക.
Discussion about this post