കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. അവസാനം ലഭിച്ച 49 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ജനങ്ങൾക്കും ഏറെ ആശ്വാസം പകർന്നിട്ടുണ്ട്. ഇന്നലെ ലഭിച്ച 71 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരുടേയും ഫലങ്ങളും നെഗറ്റീവ് ആയത് ഏറെ ആശ്വാസം പകരുന്ന കാര്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു.
കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതിന് പിന്നാലെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 58 വാർഡുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. നിപ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 1270 പേരെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണത്തിലും രോഗികൾ ഇല്ല. നിലവിൽ ചികിത്സയിൽ കഴിയുന്ന നാല് പേരുടെ ആരോഗ്യനിലയിലും കാര്യമായ പുരോഗതിയുണ്ട്.
Discussion about this post