തിരുവനന്തപുരം : ഏറെക്കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാകുന്നു. ഒക്ടോബർ നാലിന് തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിടും. തുറമുഖ പദ്ധതിയുടെ പേരിടലും ലോഗോ പ്രകാശനവും നാളെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം അടുത്ത മേയ് മാസത്തിൽ കമ്മീഷൻ ചെയ്യും. തുറമുഖത്തിന് ആവശ്യമായ കൂറ്റൻ ക്രെയിൻ കൊണ്ടുവരുന്ന ആദ്യ കപ്പൽ ആയിരിക്കും ഒക്ടോബർ നാലിന് തുറമുഖതീരത്ത് നങ്കൂരമിടുക. ചൈനയിൽ നിന്നുമാണ് ഈ ക്രെയിൻ കൊണ്ടുവരുന്നത്.
ആദ്യം എത്തുന്ന കപ്പലിന്റെ നങ്കൂരത്തിനായി 275 മീറ്റർ നീളമുള്ള ബർത്ത് ആണ് തുറമുഖത്ത് ഒരുക്കുന്നത്. ഈ ബർത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. തുറമുഖ പദ്ധതിക്ക് ആകെയായി രണ്ട് കിലോമീറ്റർ നീളത്തിലുള്ള ബർത്ത് ആണ് നിർമിക്കേണ്ടത്. നാല് ഘട്ടത്തിൽ ആയിട്ടായിരിക്കും ഈ ബർത്തുകളുടെ നിർമ്മാണം പൂർത്തിയാക്കുക. ആദ്യഘട്ടം കമ്മീഷൻ ചെയ്യുന്ന മേയ് മാസത്തിന് മുൻപായി 800 മീറ്റർ ബർത്ത് പൂർത്തിയാക്കും.
Discussion about this post