തിരുവനന്തപുരം: ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായ പ്രതികരണങ്ങൾ നടത്തുന്ന ആര്യലാലിന്റെ ഫേസുബ്ക്ക് കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ ജാതിയല്ല ഈശ്വരനെയാണ് തിരയേണ്ടത് എന്ന് അദ്ദേഹം പറയുന്നു.
ക്ഷേത്രം അതിന്റെ ആചാരങ്ങളിൽ ‘ സാർവ്വജനീനത’പുലർത്തുന്നതു കൊണ്ടാണ് അത് ഈശ്വരീയമാകുന്നത്. അമ്പലത്തിൽ ജാതിയല്ല ഈശ്വരനെയാണ് തിരയേണ്ടത്. അതിനു കഴിയില്ലെങ്കിൽ അവിടെ പോകാതിരിക്കുന്നതാണുത്തമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
#ഹൃദയങ്ങളിലെ_പുണ്ണ്
അനുജൻമാരത്രയും മരിച്ചു കിടക്കുന്ന കുളക്കരയിൽ വച്ച് യക്ഷൻ യുധിഷ്ഠിരനോട് ചോദിച്ചു:
‘രാജൻ! കുലേന വൃത്തേന
സ്വാധ്യായേന ശ്രുതേന വാ
ബ്രാഹ്മണ്യം കേന ഭവതി
പ്രബ്രൂഹ്യേതൽ സുനിശ്ചിതം’
ബ്രാഹ്മണത്വം, കുലത്തിനാലോ പ്രവൃത്തിയാലോ, വേദശാസ്ത്രപഠനത്തിനാലോ ഏതിനാൽ ഉണ്ടാകുന്നു? എന്നായിരുന്നു യക്ഷന് തീർപ്പ് വേണ്ടിയിരുന്നത്.
ധർമ്മപുത്രനായ യുധിഷ്ഠിരൻ യക്ഷനോട് പറഞ്ഞു:
‘ശൃണു യക്ഷ! കുലം താത!
ന സ്വാധ്യായോ ന ച ശ്രുതം
കാരണം ഹി ദ്വിജത്വേ ച
വൃത്തമേവ ന സംശയഃ’
അല്ലയോ യക്ഷ! അങ്ങു കേട്ടാലും, ബ്രാഹ്മണ്യത്തിനു കുലം വേദശാസ്ത്രപഠനം ഇതുകൾ കാരണങ്ങളാകയില്ല. സദാചാരംതന്നെയാകുന്നു ദ്വിജത്വകാരണം. അതിനു സംശയമില്ല.
ഇത് മഹാഭാരതം ആരണ്യ പർവ്വം യക്ഷ യുധിഷ്ഠിര സംവാദം ആണ്. ഇങ്ങനെ അനേകം ഉദാഹരണങ്ങൾ അതിൽത്തന്നെയുണ്ട്.യക്ഷന് കാര്യം മനസ്സിലായി. ഇപ്പോഴും മനസ്സിലാകാത്തത് നമുക്കാണ്. അതുകൊണ്ടാണ് അന്നേ വ്യാസൻ ‘ഞാനിതാ രണ്ടു കൈയ്യും ഉയർത്തി പറയുന്നു ..ഇതാണ് ധർമ്മം എന്നിട്ടും ആരും ശ്രദ്ധിക്കാനില്ലാ’ എന്നു വിലപിച്ചത്! ഇതൊക്കെ അവിടെയിരിക്കുമ്പോഴാണ്’ ജനിച്ചതാണ് ജാതി’ എന്ന വിശ്വാസത്തിന്റെ വിഴുപ്പ് ചുമന്നു നാറുന്നവർക്ക് അന്യനെ കെട്ടിപ്പിച്ച് അന്തസ്സ് കാട്ടേണ്ടത്!
ക്ഷേത്രം അതിന്റെ ആചാരങ്ങളിൽ ‘സാർവ്വജനീനത’പുലർത്തുന്നതു കൊണ്ടാണ് അത് ഈശ്വരീയമാകുന്നത്. ശ്വപചനനും അവനി സുര വരനും ഒരുപോലെയാകുന്ന, ശ്വാക്കളും ഗോക്കളും ഭേദമില്ലാത്ത ഈശ്വരന്റെ പൂജാരി അയിത്തം കൊണ്ട് സ്പർശിക്കാതിരിക്കില്ല. അസ്പർശ്യതയുടെ അയിത്തേതര കാരണങ്ങളെ മനസ്സിലാക്കാതെ വിപ്ലവം പ്രസംഗിക്കുന്നത് അല്പത്തമാണ്.
തെറ്റുകളുടെ ഭൂതകാലങ്ങളെ നാം തിരുത്തിയത് ശ്രുതിയുടെ നിയമങ്ങളെക്കൊണ്ടാണ്. വിധവയെ വിവാഹം കഴിപ്പിക്കാനും ജാതിവെറിക്കെതിരെയും ഉദാഹരണങ്ങൾ കണ്ടെത്തിയത് വേദങ്ങളിലും ശാസ്ത്രങ്ങളിലും പുരാണങ്ങളിലും നിന്നാണ്. അതുകൊണ്ടാണ് മതനവീകരണത്തിന്റെ വഴികൾ ‘വേദത്തിലേക്ക് മടങ്ങുക’ എന്ന് ആജ്ഞാപിച്ചത്. വായിക്കാതെ പഠിക്കാതെ വിമർശിക്കാനാണ് എളുപ്പം.
ജാതി വെറിക്ക് മുകളിൽ നിന്നും കീഴോട്ട് ഒരു ഒറ്റ വഴി മാത്രമല്ല . താഴെ നിന്നു മുകളിലേക്കും അതിനൊരു സഞ്ചാര മാർഗമുണ്ട്. എവിടെ നിന്നായാലും അതാരംഭിക്കുന്നത് ‘പുണ്ണു പിടിച്ച ഒരു ഹൃദയ’ത്തിൽ നിന്നായിരിക്കും എന്നു മാത്രം.
പ്രച്ഛന്ന ബുദ്ധൻ ഒക്കെ അവിടെ നില്ക്കട്ടെ,ശങ്കരനെക്കാൾ വലിയ ബ്രാഹ്മണനാരാണ് ? സർവ്വജ്ഞ പീഠത്തിന്റെ താഴേപ്പടിയിലാണ് ആ ശിരസ്സ് ഒരു ചണ്ഡാലന്റെ കാലിൽ നമസ്‌കരിച്ചു വീണത്. ജാതി നിരാസത്തിന്റെ താത്ത്വിക പ്രശ്‌നങ്ങൾ അവിടം കൊണ്ട് അവസാനിച്ചതാണ്. പിന്നീട് ബാക്കിയുണ്ടായത് അതിന്റെ പ്രായോഗിക പ്രശ്‌നങ്ങളായിരുന്നു. അതു പരിഹരിക്കാനാണ് വിവേകാനന്ദനും ദയാനന്ദനും ശ്രീനാരായണനും ചട്ടമ്പിസ്വാമിയും അങ്ങനെ അനേകർ അവതരിച്ചത്. വൈകുണ്ഠൻ കിണറ് വെട്ടി വിപ്ലവം വരുത്തിയത്. അയ്യങ്കാളി വില്ലുവണ്ടി തെളിച്ചത്. ബാക്കി കാലം അതിന്റെ കൈകളാൽ ശുദ്ധി വരുത്തുന്നു. അതിനിടയിലാണ് ‘മുതല കാളയെ പിടിക്കുമ്പോൾ പുറത്തിരുന്ന തവള’യുടെ വീമ്പ്.
പുണ്ണു പിടിച്ച ഹൃദയങ്ങൾ അല്ലാതെന്ത്?!
വേദം പഠിച്ചിട്ടും ധർമ്മാനുഷ്ഠാനം ചെയ്യാത്ത ബ്രാഹ്മണനെയാണ് ‘ബ്രാഹ്മണ ഗർദ്ദഭം’ എന്നു വിശേഷിപ്പിച്ചത്. ബ്രാഹ്മണക്കഴുത മാത്രമല്ല മറ്റിനം കഴുതകളുമുണ്ട് എന്നാണ് ചില കരച്ചിൽ ഉറപ്പു വരുത്തുന്നത്. ‘രാജോഹം.. നരേന്ദ്രോഹം.. ആഢ്യോഹം’ എന്ന ചിന്തയിലല്ല ആരും അമ്പലത്തിൽ പോകേണ്ടത്. അമ്പലത്തിൽ ജാതിയല്ല ഈശ്വരനെയാണ് തിരയേണ്ടത്. അതിനു കഴിയില്ലെങ്കിൽ അവിടെ പോകാതിരിക്കുന്നതാണുത്തമം.
‘ഇറുകെ പുണരാനും’ആവതുണ്ടെങ്കിൽ ‘അകത്തു കയറ്റാനും’ മാത്രമാണെങ്കിൽ മലയാലപ്പുഴ നട വരെ പോകേണ്ട, ഇടയ്ക്ക് ‘കുമ്പഴ സരസ’യുടെ വീട്ടിൽ ഇറങ്ങിയാലും മതി.
ചന്ദ്രയാനെക്കാൾ മികച്ച ജാതി വാണങ്ങൾ!
Discussion about this post