തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന പര്യടനത്തെ ജനസമ്പര്‍ക്കമെന്ന് വിശേഷിപ്പിക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പുതുപ്പള്ളിയിലെ ജനവിധിയാണ് പരിപാടിക്ക് പിന്നിലെന്ന ആരോപണം ശരിയല്ലെന്നും ജയരാജൻ വ്യക്തമാക്കി. പുതുപ്പള്ളിയില്‍ ഉണ്ടായത് സഹതാപ തരംഗമാണ്. അതിനെ ഇതില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.
അതേ സമയം യുഡിഎഫിന്റെ കാലത്തെ ജനസമ്പര്‍ക്ക പരിപാടിയെ എല്‍ഡിഎഫ് എതിർത്തിരുന്നു. അത് അന്നത്തെ നിലപാട് ആയിരുന്നുവെന്നും അത് ശരിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘അന്നത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഓരോ കാലഘട്ടത്തിലും നിലപാടെടുത്തിട്ടുണ്ടാകും. ആ നിലപാട് അന്നത്തെ കാലഘട്ടത്തിനനുസരിച്ച് ശരിയാണ്’ -ജയരാജന്‍ പറഞ്ഞു.
ഒരു പുതിയ കേരളം കെട്ടിപ്പടുക്കണം. കേരളം വളരെ വേഗത്തില്‍ വികസിക്കണം.പിന്നാക്കാവസ്ഥ പരിഹരിക്കണം. അതിന് ഒരു പരിപാടി വേണം. അതിനുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുക്കാനുള്ള സര്‍ക്കാര്‍ പരിപാടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനമെന്നാണ് ജയരാജൻറെ വിശദീകരണം.
Discussion about this post