കശ്മീരിലെ കാലാവസ്ഥ ഏറ്റവും മിതമായതാകുന്ന സമയമാണ് ശരത് കാലം. ആപ്പിളുകൾ പഴുത്തു തുടങ്ങുന്ന ശരത്കാലം സഞ്ചാരികളെ സംബന്ധിച്ച് കാശ്മീർ സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയമാണ്. ശരത്കാലത്ത് കശ്മീരിലെ മറ്റൊരു ആകർഷണം ചിനാർ മരങ്ങളിലെ ഇലകളുടെ നിറം മാറുന്നതാണ് . സ്വർണ്ണ ഇലകളുള്ള ചിനാർ മരങ്ങളുടെ ചിത്രങ്ങൾ പകർത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർ ശ്രീനഗറിലെത്തുന്ന സമയം കൂടിയാണിത്. കാശ്മീരിലെ ഏറ്റവും മികച്ച തടാകങ്ങളും ഈ സമയത്ത് മികച്ച ഒരു അനുഭവം പ്രദാനം ചെയ്യുന്നു. കാശ്മീർ സന്ദർശിക്കുമ്പോൾ ഒരിക്കലും ഒഴിവാക്കരുതാത്ത ചില മനോഹരമായ തടകങ്ങളെ കുറിച്ചറിയാം.
ദാൽ തടാകം
കശ്മീരിലെ ഏറ്റവും പ്രശസ്തമായ തടാകങ്ങളിലൊന്നാണ് ദാൽ തടാകം. മനോഹരമായ പിർ പഞ്ചൽ പർവതങ്ങളും മുഗൾ ഗാർഡനുകളും കൊണ്ട് ചുറ്റപ്പെട്ടതാണ് ഈ തടാകം. യഥാർത്ഥത്തിൽ ദാൽ തടാകം മൂന്ന് തടാകങ്ങൾ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ജലപാതകൾ, ചാനലുകൾ, ഹൗസ്‌ബോട്ടുകൾ, ഫ്ലോട്ടിംഗ് ദ്വീപുകൾ എന്നിവയെല്ലാം അടങ്ങിയതാണ് ഈ തടാകം. ശിക്കാരകൾ , ഹൗസ് ബോട്ടുകൾ , ഫ്ലോട്ടിംഗ് പച്ചക്കറി, പൂ മാർക്കറ്റുകൾ എന്നിവയെല്ലാം കൊണ്ട് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു തടാകമാണ് ദാൽ തടാകം.
ഗംഗാബാൽ തടാകം
ഗംഗാബാൽ തടാകം ഹരമുഖ് ഗംഗ എന്ന പേരിലും അറിയപ്പെടുന്നു. ഹരമുഖ് പർവതത്തിന്റെ താഴ്‌വരയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മഴ, ഹിമാനികൾ, നീരുറവകൾ എന്നിവയാൽ സൃഷ്ടിക്കപ്പെടുന്നതാണ് ഈ തടാകം. ഹിന്ദു മതത്തിൽ പവിത്രമായ സ്ഥാനമാണ് ഈ തടാകത്തിനുള്ളത്. എല്ലാ വർഷവും ഗംഗാ അഷ്ടമി ദിനത്തിൽ കാശ്മീരി ഹിന്ദുക്കൾ ഗംഗാബാൽ തടാകത്തിൽ തീർത്ഥാടനം നടത്താറുണ്ട്. മെയ് മുതൽ ഒക്ടോബർ വരെയാണ് ഗംഗാബാൽ തടാകം സന്ദർശിക്കാൻ പറ്റിയ സമയം.
സോകാർ തടാകം
തെക്കുകിഴക്കൻ ലഡാക്കിലെ ചാങ്താങ് മേഖലയിൽ 1,580 അടി ഉയരത്തിലായി രൂപ്ഷു താഴ്‌വരരയിലാണ് സോകാർ തടാകം സ്ഥിതി ചെയ്യുന്നത്. കാശ്മീരിലെ പ്രകൃതിദത്തമായ ഒരു അത്ഭുതമാണ് ഈ തടാകം. 5000 മീറ്റർ ഉയരത്തിൽ ചൂടുവെള്ള ഉറവകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു തടാകമാണിത്. ഈ തടാകം പലപ്പോഴും വൈറ്റ് തടാകം എന്നും അറിയപ്പെടാറുണ്ട്. തടാകത്തിന്റെ തീരങ്ങൾ വെള്ള ഉപ്പ് കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് ഇത്. ഈ കാരണത്താൽ ദൂരെ നിന്ന് നോക്കുമ്പോൾ തടാകം പൂർണ്ണമായും ഒരു വെളുത്ത തടാകം ആണെന്ന പ്രതീതി ലഭിക്കുന്നതാണ്. ശൈത്യകാലത്ത് മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ കടുത്ത തണുപ്പ് ആയിരിക്കും ഇവിടെ അനുഭവപ്പെടുക.
മൻസാർ തടാകം
ജമ്മു നഗരത്തിൽ നിന്ന് 62 കിലോമീറ്റർ അകലെയാണ് മൻസാർ തടാകം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഈ തടാകം പൈൻ മരങ്ങൾ നിറഞ്ഞ ഒരു കാടിനു നടുവിലായാണ് കാണപ്പെടുന്നത്. ടിബറ്റിലെ പവിത്രമായ മാനസരോവർ തടാകവുമായുള്ള ബന്ധം കാരണം കാശ്മീരിലെ പ്രദേശവാസികൾ ഈ തടാകത്തെ വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത് . വേനൽക്കാലത്ത് നിറഞ്ഞ താമരപ്പൂക്കളുടെ ദൃശ്യഭംഗി കൊണ്ട് മനോഹരമായ ഒരു കാഴ്ചയാണ് മൻസാർ തടാകം.
ഗദ്സർ തടാകം
നീലകലർന്ന പച്ചവെള്ളത്തിൽ ചുറ്റുമുള്ള പർവതങ്ങളും ആകാശവും മേഘവും എല്ലാം നന്നായി പ്രതിഫലിച്ചു കാണാൻ കഴിയുന്ന മനോഹരമായ തടാകം ആണിത് . കാശ്മീരിയിൽ ഗദ്‌സർ എന്നാൽ മത്സ്യങ്ങളുടെ തടാകം എന്നാണ് അർത്ഥം. ട്രൗട്ട് മത്സ്യത്തിന്റെ സമൃദ്ധി മൂലമാണ് ഈ തടാകത്തിന് ഇങ്ങനെയൊരു പേരുവന്നത്. എന്നാൽ പൂക്കളുടെ താഴ്‌വര എന്നൊരു വിളിപേരിലും ഈ തടാകം അറിയപ്പെടുന്നുണ്ട്. ആൽപൈൻ പുൽമേടുകളാൽ ചുറ്റപ്പെട്ടതിനാൽ വിവിധതരം കാട്ടു ആൽപൈൻ പൂക്കൾ നിറഞ്ഞ താഴ്‌വരയോട് ചേർന്നുകിടക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് ഈ തടാകത്തിനു വന്നത്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഈ തടാകം മഞ്ഞുറഞ്ഞു മരവിച്ച നിലയിലായിരിക്കും കാണപ്പെടുക. വേനൽക്കാലത്ത് പോലും പൊങ്ങിക്കിടക്കുന്ന മഞ്ഞുപാളികൾ ഈ തടാകത്തിന്റെ പ്രധാന സവിശേഷതയാണ്.
Discussion about this post