കണ്ണൂർ: ആചാരാനുഷ്ഠാനങ്ങൾ ധ്വംസിക്കുന്നവർക്കെതിരെ മുഷ്ടി ചുരുട്ടുന്ന ഒരു കണ്ണൻ പെരുവണ്ണാനായിട്ടാണ് ജയരാജിന്റെ ഒരു പെരുങ്കളിയാട്ടത്തിൽ താനെത്തുന്നതെന്ന് സുരേഷ് ഗോപി. കളിയാട്ടങ്ങളുടെ നാടായ കണ്ണൂരിൽ ഒരു പൊതു ചടങ്ങിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഇന്നത്തെ കാലത്ത് ഒരു പക്ഷെ ഇത്തരം ആചാരാനുഷ്ഠാനങ്ങൾക്ക് മേൽ നടക്കുന്ന ചിന്തയിലൂടെയുള്ള ധ്വംസനമായാലും അനന്തരഫലമായി പ്രവർത്തനങ്ങളിലൂടെ നടക്കുന്ന ധ്വംസനമായാലും അതിനെല്ലാമെതിരെ മുഷ്ടി ചുരുട്ടുന്ന ഒരു കണ്ണൻ പെരുവണ്ണാനായി നിങ്ങൾക്കെന്നെ ആ സിനിമയിൽ കാണുവാൻ സാധിക്കുമെന്ന് ആയിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. കൈയ്യടിയോടെയാണ് താരത്തിന്റെ വാക്കുകൾ സദസ്സ് എതിരേറ്റത്.
ക്ഷയിച്ചുപോയ നിരവധി ആചാരാനുഷ്ടാനങ്ങൾ നടക്കുന്ന പ്രദേശങ്ങളും അതിലെ മാഫിയ നുഴഞ്ഞുകയറ്റങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. തെയ്യം കണ്ണൂരിന് മാത്രം അവകാശപ്പെട്ടതല്ല. മലയാളികൾ മുഴുവൻ നെഞ്ചിലേറ്റി നടക്കുന്ന കലാരൂപമാണ്. പെരുങ്കളിയാട്ടത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് വന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
സനാതന ധർമ്മ പാതയിലുളള എല്ലാ ആചാര അനുഷ്ഠാനങ്ങളെയും വണങ്ങുന്നവരാണ് തെക്കർ. താനിപ്പോൾ തിരുവനന്തപുരത്താണ് താമസം. അതാണ് തെക്കൻ എന്ന് പറഞ്ഞത്. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പഴശ്ശിനിക്കടവിലേക്കുളള ബസുകളുടെ എണ്ണം കണക്കിലെടുത്താൽ കണ്ണൂരിന്റെ ആചാരാനുഷ്ടാനങ്ങൾ തെക്കൻ ഭാഗത്തെ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചുവെന്ന് മനസിലാക്കാമെന്നും നടൻ പറഞ്ഞു.
കലാകാരനെന്ന രീതിയിൽ ഏറ്റവും വലിയ അംഗീകാരമാണ് കളിയാട്ടത്തിലൂടെ തനിക്ക് ലഭിച്ചത്. അതിന് മൂലകാരണം കളിയാട്ടം എന്ന ഒരു വെളളിത്തിരകൃതിയാണ്. അമിതാഭ് ബച്ചന്റെ സിനിമകളിൽ ഉൾപ്പെടെ കഥകളിക്ക് വലിയ സ്ഥാനം നൽകുന്ന പ്രകടനം കാണാൻ സാധിക്കുമായിരുന്നു. വാനപ്രസ്ഥത്തിൽ മോഹൻലാൽ കഥകളിക്ക് നൽകിയ പ്രചാരവും പെരുമയും നമുക്ക് അളക്കാൻ പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post