തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു. ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര സംഘവും വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ ഏഴ് സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. ഇത് മുഴുവനും നെഗറ്റീവ് ആണ്. ഇതുവരെ 365 സാമ്പിളുകൾ പരിശോധിച്ചു. നിപ ബാധിതരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 66 പേരെ ഇന്ന് സമ്പർക്ക പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ ചികിത്സയിലുണ്ട്. ഇതിൽ ഒൻപതുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഇൻഡക്സ് കേസിന്റെ സമ്പർക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവരെ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പബ്ലിക് ഹെൽത്ത് ലാബുകളുൾപ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ഐ.സി.എം.ആർ. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും ആർ.ടി.പി.സി.ആർ, ട്രൂനാറ്റ് പരിശോധനകൾ നടത്താൻ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് ലാബുകൾ സജ്ജമാക്കും. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.
Discussion about this post