ബംഗളൂരു : കാവേരി നദീ ജല തര്‍ക്കത്തില്‍ കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. കാവേരി നദിയിൽ നിന്നും തമിഴ്നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരായാണ് പ്രതിഷേധം. കാവേരി ഹിതരക്ഷണ സമിതി ശനിയാഴ്ച മാണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ഈ സമിതിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയായി മാണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുകയാണ്.
കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ വിധിയാണ് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.
കാവേരി വിഷയത്തിൽ വിവിധ ജില്ലകളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. വെള്ളിയാഴ്ച കന്നട സംഘടന പ്രവര്‍ത്തകര്‍ ബെംഗളൂരുവിലേക്ക് വെള്ളം വിതരണം ചെയ്യുന്നത് തടയാനും ശ്രമിച്ചു. തൊരെകടനഹള്ളിയിലെ പമ്പ് ഹൗസിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. കാവേരി വിഷയത്തിലുള്ള പ്രതിഷേധങ്ങളിൽ ബെംഗളൂരു നിവാസികൾ വിട്ടുനില്‍ക്കുകയാണെന്നാണ് കന്നട സംഘടന പ്രവര്‍ത്തകരുടെ ആരോപണം.
ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കര്‍ഷക സംഘടനകളും കന്നട സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് കർണാടക പോലീസിന് ലഭിക്കുന്ന സൂചന. ആദ്യഘട്ടത്തിൽ മൈസൂരു, മാണ്ഡ്യ, ചാമരാജ്നഗര്‍, രാമനഗര്‍ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരുന്നു പ്രതിഷേധം ആരംഭിച്ചിരുന്നത്. പിന്നീട് ഇത് ചിത്രദുര്‍ഗ, ബെല്ലാരി, ദാവന്‍ഗര, കൊപ്പാല്‍, വിജയപുര തുടങ്ങിയ ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു.
കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ വിധിയിൽ ഇടപെടാനാകില്ലെന്നാണ് കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയായിരുന്നു. തമിഴ്നാടിന്‍റെ താല്‍പര്യത്തിനൊപ്പമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും പോലീസിന് ലഭിച്ചിരിക്കുന്ന ഉത്തരവ്.
Discussion about this post