വാരാണസി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ നിർമിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് മോദി. സച്ചിൻ ടെൻഡുൽക്കർ, സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി, ദിലീപ് വെങ്‌സർക്കാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിലായിരുന്നു പുതിയ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 451 കോടി രൂപ മുടക്കിയാണ് സ്റ്റേഡിയം നിർമിക്കുന്നത്.
121 കോടി രൂപ മുടക്കി ഭൂമി ഏറ്റെടുത്ത് സംസ്ഥാന സർക്കാർ യുപി ക്രിക്കറ്റ് അസോസിയേഷന് കൈമാറുകയായിരുന്നു. ബിസിസിഐ ആണ് 330 കോടി രൂപ മുടക്കി സ്റ്റേഡിയം യാഥാർത്ഥ്യമാക്കുക. മഹാദേവന് ഏറെ പ്രിയപ്പെട്ട കൂവള ഇലയുടെ മാതൃകയിലാണ് സ്‌റ്റേഡിയം. പ്രവേശന കവാടം മഹാദേവന്റെ കൈയ്യിലെ ഡമരുവിന്റെ മാതൃകയിലാണ്. ത്രിശൂലമാതൃകയും ഒരുക്കിയിട്ടുണ്ട്. വാരാണസിയുടെ സാംസ്‌കാരിക പാരമ്പര്യം കൂടി കണക്കിലെടുത്താണ് ഈ ഡിസൈൻ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. കാൺപൂരിലും ലക്‌നൗവിനും ശേഷം യുപിയിലെ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് വാരാണസിയിൽ യാഥാർത്ഥ്യമാകുന്നത്. ലോകം ഇന്ത്യയുമായി ബന്ധപ്പെടാനുളള വഴി കൂടിയാണ് ക്രിക്കറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ രാജ്യങ്ങൾ ക്രിക്കറ്റ് കളിയിൽ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാന പിച്ച് അടക്കം ഏഴ് പിച്ചുകളാണുളളത്. സ്റ്റേഡിയത്തിൽ 30,000 പേർക്ക് ഒരേ സമയം കളി കാണാൻ കഴിയും.
Discussion about this post