കാഞ്ഞങ്ങാട്: കാസർകോട് നടന്ന പരിപാടിക്കിടെ താൻ പിണങ്ങിപ്പോയതെന്നത് മാദ്ധ്യമസൃഷ്ടിമാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്‌മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി വേദി വിട്ടിരുന്നു. എന്നാൽ ഇത് നിഷേധിച്ചാണ് അദ്ദേഹത്തിന്റെ വാദം. ഇന്ന് രാവിലെ ബേഡഡുക്കയിൽ സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെ അനൗൺസ്‌മെന്റ് നടത്തിയതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘ഞാൻ സംസാരിച്ച് കഴിഞ്ഞില്ല, ചെവി കേട്ടുകൂടെന്നാണ് തോന്നുന്നത്. ഇതൊന്നും മര്യാദയല്ല’, എന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.
താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടു പറയുകയാണ് ചെയ്തതെന്നുമാണ് വിശദീകരണം. പനയാൽ സിപിഎം ലോക്കൽ കമ്മറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലാണ് പിണറായി വിജയൻ വിവാദത്തെക്കുറിച്ചു വിശദീകരിച്ചത്.
ഇത് ഇന്നത്തെ തന്റെ രണ്ടാമത്തെ പരിപാടിയാണ്. ആദ്യത്തെ പരിപാടി ഒരു സഹകരണബാങ്കിന്റെ ഉദ്ഘാടനമായിരുന്നു. സഹകരണമേഖലയിൽ സംസ്ഥാനം നേരിടുന്ന പ്രശ്നവും ആ മേഖലയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളുമാണ് ഞാൻ അവിടെ സംസാരിച്ചത്. ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടെ അനൗൺസ്മെന്റ് ഉണ്ടായി. എന്റെ വാചകം തീരണ്ടേ, എന്നിട്ടല്ലേ അനൗൺസ്‌മെന്റ് നടത്താൻ പാടുള്ളൂ. അപ്പോൾ അയാൾ അത് കേക്കുന്നില്ല. പിന്നേയും ആവേശത്തോടെ ഇത് പറയുകയാണ്. ഞാൻ ചോദിച്ചു നിങ്ങൾക്ക് ചെവിട് കേൾക്കുന്നില്ലേയെന്ന്. അത് പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങി ഇങ്ങ് പോന്നു. ആ സമയത്ത് ചാനൽ കൊടുത്തത് മുഖ്യമന്ത്രി ഇറങ്ങിപ്പോയി എന്നാണ്. ആ കൊടുത്തയാൾ ഇവിടെയുണ്ടോയെന്നറിയില്ല. എന്താണ് അതെല്ലാം കൊണ്ട് അവർക്ക് കിട്ടുന്നത്. അവിടെ എനിക്ക് എന്ത് പിണക്കമാണ് ഉളളത. ഒരാൾ ശരിയല്ലാത്ത കാര്യം ചെയ്യുമ്പോൾ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് പറഞ്ഞു. നിങ്ങൾ അങ്ങനെ പറഞ്ഞതു കൊണ്ട് ഞാൻ അത് നാളെ പറയാതിരിക്കുമോ?, നിങ്ങളുടെ ഉദ്ദേശ്യം വല്ലാത്തൊരു ചിത്രമുണ്ടാക്കാൻ പറ്റുമോയെന്നാണ്. പക്ഷെ അതുകൊണ്ടൊന്നും ആ ചിത്രം ജനങ്ങളിലുണ്ടാകില്ലെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post