ന്യൂഡൽഹി: കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ഉൾപ്പെടെ 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. കാസർകോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, ബിഹാർ, ബംഗാൾ, കേരളം, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് പുതിയ ട്രെയിനുകളുടെ സർവീസ്. ഉദയ്പുർ-ജയ്പുർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ്‌ബെംഗളൂരു, വിജയവാഡ-ചെന്നൈ (റെനിഗുണ്ട വഴി), പട്‌ന-ഹൗറ, കാസർകോട്-തിരുവനന്തപുരം, റൂർക്കല-ഭുവനേശ്വർ പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നിവയാണ് പുതിയ സർവീസുകൾ.
രാവിലെ ഏഴു മണിക്ക് കാസർകോട് നിന്ന് യാത്ര തുടങ്ങി വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് കേരളത്തിനുള്ള വന്ദേഭാരതിന്റെ സമയക്രമം. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസർകോട് എത്തും.ആഴ്ചയിൽ ആറു ദിവസം വന്ദേഭാരത് സർവീസ് നടത്തും.
Discussion about this post