തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ഡി.ഹണ്ട് എന്ന പേരിൽ 1373 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 244 പേരെ അറസ്റ്റ് ചെയ്തു. ഡിജിപിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.
ലഹരി കടത്തുകാരുടെ വീടുകൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ വീടുകളിലും സംഘങ്ങളും താവളങ്ങളിലുമായിരുന്നു ഇന്നലെ രാവിലെ മുതൽ പരിശോധന. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത കുമാറിനായിരുന്നു ഏകോപനം. ലഹരിമരുന്ന് കൈവശം വച്ചതിന് 246 കേസുകൾ രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം റൂറലിൽമാത്രം 48 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ലഹരിക്കേസുകളിൽ ഉൾപ്പെട്ട 38 പേരെ കരുതൽ തടങ്കലിലാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരാനാണ് പോലീസിന്റെ തീരുമാനം.
Discussion about this post