കോട്ടയം: പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം. കോട്ടയം കുമാരനെല്ലൂരിലാണ് സംഭവം. ഇന്നലെ രാത്രി സ്ഥലത്ത് റെയ്ഡിനെത്തിയ പോലീസുകാരെയാണ് പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചത്. റോബിൻ എന്നയാളാണ് പട്ടി സംരക്ഷണ കേന്ദ്രം മറയാക്കി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ഇവിടെ നിന്ന് 17.8 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
പോലീസ് എത്തിയതിന് പിന്നാലെ റോബിൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് റെയ്ഡിനെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാക്കി വേഷമിട്ടവരെ കണ്ടാൽ ആക്രമിക്കണമെന്ന തരത്തിലാണ് ഇവിടെയുള്ള നായകൾക്ക് റോബിൻ പരിശീലനം നൽകിയിരുന്നത്.
ഇന്നലെ പരിശോധനയ്ക്ക് എത്തിയപ്പോഴും പട്ടികൾ ചാടിവന്നെങ്കിലും ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി കാര്യങ്ങൾ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഡോഗ് ട്രെയിനർ എന്ന പേരിലാണ് റോബിൻ ഇവിടെ സ്ഥാപനമെടുത്ത് പ്രവർത്തിച്ചിരുന്നത്. നിലവിൽ വിവിധയിനത്തിൽപെട്ട 13 നായകളാണ് ഇവിടെയുള്ളത്. പ്രതി റോബിനായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു.
Discussion about this post