പത്തനംതിട്ട; പത്തനംതിട്ട സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കളളവോട്ട് ചെയ്ത എസ്എഫ്‌ഐ നേതാവിനെ ട്രോളി അഡ്വ. ജയശങ്കർ. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ വ്യാപകമായി കളളവോട്ട് ചെയ്തത്. ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്താനും സംഘർഷാവസ്ഥ സൃഷ്ടിക്കാനും ശ്രമിച്ചുകൊണ്ടായിരുന്നു കൂട്ടത്തോടെ കളളവോട്ട് ചെയ്തത്.
എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെഎസ് അമൽ അഞ്ച് തവണയാണ് വോട്ട് ചെയ്തത്. ചാനലുകളുടെ ക്യാമറയിൽ അമലിന്റെ മുഖം പല തവണ പതിയുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വാർത്ത പങ്കുവെച്ചാണ് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ജയ്ശങ്കർ കുട്ടിസഖാക്കളുടെ സ്വഭാവ ശുദ്ധിയെ ട്രോളിയത്. അമലിനൊപ്പം വോട്ട് ചെയ്യാനെത്തിയവർ മുഖം മറച്ച് പോളിംഗ് ബൂത്തിലേക്ക് കടന്നുപോകുന്നതും കാണാമായിരുന്നു.
കളളവോട്ട് എന്നൊരു വോട്ടില്ല. എല്ലാ വോട്ടും നല്ല വോട്ടാണ്. അഞ്ച് വോട്ട് ചെയ്ത സഖാവിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം. പാർട്ടിക്ക് വേണ്ടി ഇതുപോലെ സാഹസികമായി പ്രവർത്തിക്കാൻ ഓരോ സഖാവും പ്രതിജ്ഞാബദ്ധരാണ്- പ്രത്യേകിച്ച് യുവ വിപ്ലവകാരികൾ. പത്തനംതിട്ടയെ കരുവന്നൂരാക്കാൻ പൊരുതുക നാം എന്ന് പറഞ്ഞാണ് ജയ്ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആണ് വിജയിച്ചത്. സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാൻ വലിയ തയ്യാറെടുപ്പുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു വ്യാപകമായ കളളവോട്ടുകൾ. പത്തനംതിട്ട ടൗണിൽ തന്നെയുളള സൊസൈറ്റിയിൽ നഗരസഭാ പരിധിയിൽ ഉളളവരാണ് അംഗങ്ങൾ. എന്നാൽ തിരുവല്ലക്കാരനായ അമൽ കളളവോട്ട് ചെയ്യാനായി എത്തുകയായിരുന്നു.
അമലിന്റെ ഒപ്പം സിപിഎം പെരിങ്ങനാട് നോർത്ത് ലോക്കൽ സെക്രട്ടറി അഖിൽ കളളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. വർഷങ്ങളായി യുഡിഎഫ് ആണ് സർവ്വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്.
Discussion about this post