തിരുവനന്തപുരം: ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ സർക്കാർ ഓഫീസിൽ വരുന്നത് അവകാശത്തിനാണെന്നും ഔദാര്യത്തിനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അനാവശ്യകാലതാമസം ഒഴിവാക്കി എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സർക്കാർ ഓഫിസുകൾ. അവിടേയ്‌ക്കെത്തുന്നവർ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണ് സർക്കാർ ഓഫിസുകളിലേക്ക് ആളുകൾ വരുന്നത്. ഇതു മുന്നിൽക്കണ്ട്, സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത ജീവനക്കാരിൽ ഉണ്ടാക്കുകയെന്നതാണു മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. എന്നാൽ നാട്ടിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ചു സർക്കാർ സർവീസിലാകുമ്പോൾ. ഈ രീതിക്കു മാറ്റം കൊണ്ടുവരാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post