ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരനേതാക്കളെ ലക്ഷ്യമിട്ട് വൻ റെയ്ഡുമായി എൻഐഎ. ആറ് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളിലായാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ഖാലിസ്ഥാൻ ഭീകരർക്ക് വേണ്ടി പണം എത്തിക്കുന്നവരേയും ഹവാല ഓപ്പറേറ്റർമാരേയും ലക്ഷ്യമിട്ടാണ് പരിശോധന. ഖാലിസ്ഥാൻ ഭീകരർക്ക് വിദേശത്ത് നിന്ന് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ സംഘം എത്തിയിരിക്കുന്നത്. പഞ്ചാബിൽ 30 ഇടത്തും, രാജസ്ഥാനിൽ 13 ഇടത്തും ഹരിയാനയിൽ 4 ഇടത്തും ഉത്തരാഖണ്ഡിൽ 2 ഇടത്തും, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഓരോയിടത്തുമാണ് റെയ്ഡ് നടക്കുന്നത്.
യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലായി ഒളിവിൽ കഴിയുന്ന 19 ഖാലിസ്ഥാൻ ഭീകരരുടെ പട്ടിക എൻഐഎ സംഘം നേരത്തെ പുറത്തുവിട്ടിരുന്നു. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്. വിദേശത്ത് നിന്ന് ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുന്ന ഇവർക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കഴിഞ്ഞ ദിവസം എൻഐഎ കണ്ടുകെട്ടിയിരുന്നു.
Discussion about this post