ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന ആവശ്യവുമായി കാനഡയിലെ ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർക്ക് കത്തയച്ച് ഹിന്ദു ഫോറം കാനഡ. പന്നു കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ഹിന്ദു വിരുദ്ധ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് ഇയാൾക്ക് കാനഡയിൽ പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നയാളാണ് പന്നു. അയാളുടെ പ്രസ്താവനകൾ ആശങ്കയുണ്ടാക്കുന്നതാണ്. ഹിന്ദു സമൂഹത്തെ മാത്രമല്ല, കാനഡയിലെ മുഴുവൻ പൗരന്മാരേയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ആക്രമിക്കണമെന്ന ആഹ്വാനം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ അപലപനീയമാണെന്നും കത്തിൽ പറയുന്നു.
പ്രത്യേക സിഖ് രാഷ്ട്രം സ്ഥാപിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നതെന്ന് കത്തിൽ എടുത്തു പറയുന്നു. ഹിന്ദുക്കൾ കാനഡ വിട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുന്ന പന്നുവിന്റെ വീഡിയോയെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഇയാളെ കാനഡയിലേക്ക് വരാൻ അനുവദിക്കരുതെന്നാണ് കത്തിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.
Discussion about this post