തിരുവനന്തപുരം: ജില്ലാ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി പേഴ്‌സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ബന്ധമില്ലെന്ന് അഖിൽ മാത്യു പറഞ്ഞതായി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കെക്കൂലി വാങ്ങിയത് സംബന്ധിച്ച് ഈ മാസം 13 നായിരുന്നു പരാതി ലഭിച്ചത്. ഇതിന് പിന്നാലെ അഖിൽ മാത്യുവിനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ യാതൊരു പങ്കില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേ തുടർന്ന് പരാതി പോലീസിന് കൈമാറി. ഗൗരവമുള്ള ആരോപണം ആണ് ഉയർന്നിരിക്കുന്നത്. അതിനാൽ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി 20 ന് കൈമാറിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ചെയ്യാത്ത കുറ്റം പേഴ്‌സണൽ സ്റ്റാഫിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമമുണ്ടായോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ അതിൽ അന്വേഷണം വേണം. ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പേഴ്‌സണൽ സ്റ്റാഫും പോലീസിൽ പരാതി നൽകി. കൈക്കൂലിയോട് അംഗീകരിക്കാനാകില്ല. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. അഴിമതി വെച്ചുപൊറുപ്പിക്കാനാകില്ലെന്നും വീണാ ജോർജ് പറഞ്ഞു.
കുറ്റക്കാരെ മൊത്തം പുറത്തുകൊണ്ടുവരണം. വിഷയത്തിൽ സർക്കാരിനും ആരോഗ്യവകുപ്പിനും ഉള്ളത് ഒരേ നിലപാടാണ്. അഴിമതിയ്ക്ക് സർക്കാർ എതിരാണ്. പരാതി താൻ പൂഴ്ത്തി വച്ചിട്ടില്ല. അപ്പോൾ തന്നെ പോലീസിന് കൈമാറിയിട്ടുണ്ട്. ആരോപണത്തിൽ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. നിപ പ്രതിരോധ പ്രവർത്തനത്തിനായി കോഴിക്കോട് ഉണ്ടായിരുന്ന സമയത്താണ് പരാതി ലഭിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Discussion about this post