തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണമേഖല. സഹകരണ മേഖലയെ തകർക്കാനാണ് ചിലരുടെ ശ്രമം. ഇപ്പോൾ കരുവന്നൂരിൽ കാണുന്നത് രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കമാണ്. ഇഡി നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ 98.5 ശതമാനം സഹകരണ മേഖലയും കുറ്റമറ്റതാണ്. 1.5 ശതമാനത്തിലാണ് ക്രമക്കേടുള്ളത്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ സംഭവം സർക്കാർ അതീവ ഗൗരവമായാണ് കാണുന്നത്. കരുവന്നൂർ ആദ്യം കണ്ടെത്തിയത് കേന്ദ്ര ഏജൻസികളെല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോറിലൊരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമെന്ന് പറയരുതെന്നും തെറ്റ് ചെയ്തവരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം. നാടിന്റെ മുന്നോട്ട് പോക്കിന് നവകേരള സൃഷ്ടിക്കുള്ള യാത്രയിൽ കരുത്തേകുന്ന പരിപാടിയാണ് കേരളീയം അടക്കമുള്ളവയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവയെല്ലാം സർക്കാർ പരിപാടിയായി നടക്കും. സ്‌പോൺസർഷിപ്പ് വന്നാൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗർഭാഗ്യകരമായ നിലപാടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളീയം രാഷ്ട്രീയ പരിപാടിയല്ല. അത് സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെ സങ്കുചിതമായി കാണേണ്ട എന്ത് കാര്യമാണ്. പ്രതിപക്ഷം ഇത്തരം പരിപാടികൾ ബഹിഷ്‌കരിക്കുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ മാദ്ധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു.
Discussion about this post