ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് കരളിന്റെ വിഷാംശം ഇല്ലാതാക്കുന്നത് ഒരു അനിവാര്യമായ പ്രക്രിയയാണ്. കരളിന്റെ ശരിയായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ജീവിതശൈലിയിൽ അല്പം ശ്രദ്ധ നൽകിയാൽ മാത്രം മതി. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഉപയോഗിച്ച് ഇത് നേടാനാകും. ധാരാളം വെള്ളം കുടിക്കുന്നത് കരൾ ഉൾപ്പെടെയുള്ള അവയവങ്ങളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ഇത് കരളിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്താനും കേടുപാടുകൾ തടയാനും സഹായിക്കുന്നതാണ്. ഇതോടൊപ്പം തന്നെ മറ്റു ചില കാര്യങ്ങളും ജീവിതശൈലിയിലും ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടതായുണ്ട്.
പഞ്ചസാര ഒഴിവാക്കുക
പഞ്ചസാര ചേർത്ത ശീതളപാനീയങ്ങളിലും മറ്റ് മധുരമുള്ള പാനീയങ്ങളിലും ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യകരമായ കരളിനായി ഫ്രക്ടോസ് കുറയ്ക്കേണ്ടത് ആവശ്യമാണ്.
എയ്റോബിക് വ്യായാമങ്ങൾ ശീലമാക്കാം
എയ്‌റോബിക് വ്യായാമങ്ങൾ നമ്മുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ശ്വസനരീതിയിൽ മാറ്റം വരുത്തുകയും ഓക്‌സിജന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പതിവായുള്ള എയറോബിക് വ്യായാമം ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും കൂടുതൽ രക്തം പമ്പ് ചെയ്യാൻ അനുവദിക്കുകയും കരളിന് രക്തം ലഭിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
മദ്യം ഒഴിവാക്കുക
ചെറിയ അളവിലായാൽ പോലും മദ്യം കരളിനെ സംബന്ധിച്ചിടത്തോളം മോശം കാര്യമാണ് . നമ്മുടെ രക്തത്തിൽ നിന്ന് മദ്യം പുറന്തള്ളാൻ നമ്മുടെ ശരീരം അമിതമായ ഊർജ്ജം ഉപയോഗിക്കുന്നു. അതുകൊണ്ട് നമുക്ക് നമ്മുടെ കരളിന് അൽപ്പം വിശ്രമം നൽകാം, മദ്യം പാടേ വേണ്ടെന്ന് പറയാം.
ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം
ആൻറി ഓക്സിഡൻറുകൾ ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെയും രാസവസ്തുക്കളെയും പുറന്തള്ളുന്ന പ്രക്രിയയിൽ സഹായിക്കുകയും കരൾ ഉൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകൾ സാധാരണയായി കാണപ്പെടുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം വർദ്ധിപ്പിക്കാം.
ഇത്തരം ശീലങ്ങളിലൂടെ കരളിനെ നിങ്ങൾക്ക് ആരോഗ്യകരമായി സംരക്ഷിക്കാൻ കഴിയുന്നതാണ്.
Discussion about this post