കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് ചെയർമാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ എംകെ കണ്ണനെ ഇഡി വീണ്ടും ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ കണ്ണനെ 12 മണിയോടെയാണ് ചോദ്യം ചെയ്യാൻ തുടങ്ങിയത്. 3.30 ഓടെ പൂർത്തിയായി.
അതിനിടെ ചോദ്യം ചെയ്യലിനിടെ തനിക്ക് വിറയൽ ഉണ്ടായെന്ന വാർത്ത എംകെ കണ്ണൻ നിഷേധിച്ചു. മക്കളെയും കുടുംബത്തെയും ഭയപ്പെടുത്താൻ പറഞ്ഞതാകും. അസുഖം ഒന്നും ഉണ്ടായിട്ടില്ല. സൗഹാർദ്ദപരമായിരുന്നു ചോദ്യം ചെയ്യൽ. ഞാൻ വെരി ഹെൽത്തി. ആരാ പറഞ്ഞത് എനിക്ക് വിറയൽ ഉണ്ടായെന്ന്. നിങ്ങൾ ആവശ്യമില്ലാത്തത് കൊടുക്കരുതെന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കണ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രണ്ട് സർജറി കഴിഞ്ഞ ആളാണ്. ഞാൻ വേണമെങ്കിൽ നിങ്ങളെക്കാൾ കൂടുതൽ ഓടാം എന്നായിരുന്നു കണ്ണന്റെ മറുപടി. എന്നാൽ ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ കൂടുതൽ വെളിപ്പെടുത്താൻ കണ്ണൻ തയ്യാറായില്ല. നിങ്ങളുമായി അത്തരം കാര്യങ്ങൾ പങ്കുവെയ്ക്കാൻ ഞാനില്ലെന്ന് ആയിരുന്നു മറുപടി. അത്തരം കാര്യങ്ങൾ നിയമപരമായി നേരിടും. നിങ്ങളുമായി എനിക്ക് പരിചയമില്ലേ. മുൻപ് പറഞ്ഞ കാര്യങ്ങൾ വിട്ട് പുതുതായി ഒന്നും പറയാനില്ല.
ബാങ്കിന്റെ ഒരിടപാടും വെളിപ്പെടുത്താൻ പാടില്ല. അതെല്ലാം നിയമപരമായി പറയേണ്ടിടത്ത് പറയും. വളരെ സൗഹാർദ്ദപരമായിരുന്നു. അവര് പറയുന്ന ദിവസം ഇനിയും ചോദ്യം ചെയ്യലിന് വരും. ഒരു പീഡനവും ഇല്ല. ഇനി വരേണ്ട ഡേറ്റ് പറഞ്ഞിട്ടില്ലെന്നും കണ്ണൻ പറഞ്ഞു.
തൃശൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് കണ്ണൻ. കരുവന്നൂർ കേസിലെ പ്രധാന പ്രതി സതീഷ് കുമാർ നാല് സഹകരണ ബാങ്കുകൾ വഴി കോടികൾ കടത്തിയെന്നാണ് ആരോപണം. തൃശൂർ സർവ്വീസ് സഹകരണ ബാങ്കും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസം തൃശൂർ സഹകരണ ബാങ്കിൽ ഇഡി റെയ്ഡ് നടത്തുകയും എംകെ കണ്ണനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിളിപ്പിച്ചത്.
Discussion about this post