കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ അടുത്ത മത്സരത്തിൽ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് നയിക്കുന്നത് ഭാവിയിലെ ഈ സൂപ്പർ താരങ്ങളാണ്. പട്ടികവർഗ വികസന വകുപ്പിന്റെ മലമ്പുഴ ആശ്രമ സ്‌കൂളിലെ 22 കുരുന്നുകൾ. ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് കൂട്ടത്തിൽ. ടെലിവിഷനിലും പത്രത്താളുകളിലും മാത്രം കണ്ടിട്ടുളള കേരളത്തിന്റെ അഭിമാന താരങ്ങളെ അടുത്ത് കാണുന്നതിന്റെ ആഹ്ലാദവും മുഖത്തുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സും ജംഷെഡ്പൂർ എഫ്‌സിയുമായി ഒക്ടോബർ ഒന്നിന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന മത്സരത്തിലാണ് ഇരുടീമുകളെയും ഇവർ ഗ്രൗണ്ടിലേക്ക് നയിക്കുക. കൊച്ചിയിലെത്തിയ കുട്ടികൾ മെട്രോയിൽ നഗരം ചുറ്റി. ലെ മെറഡിയൻ ഹോട്ടലിൽ ഷെഫ് സുരേഷ് പിള്ളയുടെ അതിഥികളായി.
ശനിയാഴ്ച വാട്ടർ മെട്രോയിൽ കുട്ടികൾ കൊച്ചിയുടെ ഓളപ്പരപ്പുകൾ കാണുമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിൽ കുട്ടികൾ മെട്രോയിൽ സഞ്ചരിക്കുന്നതിന്റെയും ഷെഫ് പിളളയുടെ അതിഥികളായതിന്റെയും ചിത്രങ്ങളും മന്ത്രി പങ്കുവെച്ചു.
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടികളിലും പങ്കെടുത്ത ശേഷമാകും കുട്ടികൾ മടങ്ങുകയെന്ന് മന്ത്രി വ്യക്തമാക്കി. നമ്മുടെ കുട്ടികൾ കണ്ടറിയട്ടെ നാടിന്റെ വികസന വിസ്മയയങ്ങളും കായിക മാമാങ്കങ്ങളും. ഉന്നതിയിലേക്ക് അവരെയും ചേർത്ത് നയിക്കാം എന്ന കുറിപ്പോടെയാണ് മന്ത്രി സന്തോഷം പങ്കുവെച്ചത്.
Discussion about this post