ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിവിധസമയങ്ങളിലായി ലഭിച്ച സമ്മാനങ്ങളും മെമന്റോകളും സ്വന്തമാക്കാൻ പൊതുജനത്തിന് സുവർണാവസരം. പ്രധാനമന്ത്രിക്ക് ലഭിച്ച ശിൽപങ്ങൾ, പെയിന്റിംഗുകൾ, കരകൗശല വസ്തുക്കൾ, പരമ്പരാഗത അംഗവസ്ത്രങ്ങൾ, വാളുകൾ തുടങ്ങിയവയാണ് സ്വന്തമാക്കാനാകുക. ഈ മാസം 31 ാം തീയതി വരെയാണ് പിഎം മെമന്റോസ് വെബ്‌സൈറ്റ് പൊതുജനത്തിന് ഈ അവസരം ഒരുക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ആണ് ഓൺലേലം സംഘടിപ്പിക്കുന്നത്. ഇന്ത്യക്കാർക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം. ലേലത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ഗംഗാ പുനരുജ്ജീവന പദ്ധതിയായ നമാമി ഗംഗേ സംരംഭത്തിനായി കൈമാറുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
700 രൂപ മുതൽ 64,80000 വരെയാണ് വസ്തുക്കൾക്ക് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത് ഇവ വാങ്ങാൻ താൽപര്യമുള്ളവർ ചെയ്യേണ്ട നടപടിക്രമങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
1. ആദ്യം പിഎം മെമന്റോസ് വെബ്സൈറ്റിലെ Buyer Signup ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, പാസ് വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. തുടർന്ന് ലേലത്തിന്റെ നിബന്ധനകൾ അംഗീകരിക്കുന്നതായി അറിയിക്കുക. ഇതോടെ മൊബൈൽ നമ്പറിലേക്കും മെയിലിലേക്കും ലഭിക്കുന്ന ഒടിപി എന്റർ ചെയ്യുക. പിന്നീട് പേര്, ജെന്റർ, വയസ്, വിലാസം എന്നിവ നൽകിയ ശേഷം submit ക്ലിക്ക് ചെയ്യുക.
2. മേൽ നൽകിയ ഇമെയിൽ ഐഡിയോ, മൊബൈൽ നമ്പറോ ഉപയോഗിച്ച് സൈറ്റിലേക്ക് ലോഗിൻ ചെയ്യുക. വ്യക്തിയുടെ ആധാർ വിവരങ്ങൾ സ്ഥിരീകരിക്കുന്നു.
3. ലോഗിൻ ചെയ്ത ശേഷം, ലൈവ് ലേലം വിഭാഗത്തിന് കീഴിൽ ലേലത്തിന് ലഭ്യമായ ഇനങ്ങൾ കാണുന്നതിനായി കാറ്റലോഗ് ബ്രൗസ് ചെയ്യുക.
4. കാറ്റലോഗ് നോക്കിയ ശേഷം ആവശ്യമായ ഉൽപ്പന്നം കാർട്ടിലേക്ക് ചേർക്കുകയും ലേലത്തിനുള്ള ബിഡ് തുക വ്യക്തമാക്കുകയും ചെയ്യുക.
5. കാർട്ടിലേക്ക് ഉൽപ്പന്നം ചേർത്തു കഴിഞ്ഞാൽ ഒരു ബിഡ് നൽകി നടന്നുകൊണ്ടിരിക്കുന്ന ലേലത്തിൽ പങ്കെടുക്കാം.
6. ലേലം അവസാനിച്ചാൽ ഏറ്റവും കൂടുതൽ തുക ഉദ്ധരിച്ച ലേലക്കാരനെ അംഗീകരിക്കും. ശേഷം, ഇയാൾക്ക് പോർട്ടൽ വഴി പേയ്‌മെന്റുമായി മുന്നോട്ട് പോകാം. തുടർന്ന് ലേലത്തിന് വാങ്ങിയ വസ്തു വിലാസത്തിലേക്ക് ഡെലിവർ ചെയ്യും.
Discussion about this post