തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ശശിയുടെ കുടുംബത്തിന് കൈത്താങ്ങാവാൻ നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. ശശിയുടെ വീട്ടിലെത്തി ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടു. ശശിയുടെ മൂന്ന് ലക്ഷം രൂപയുടെ കടം വീട്ടുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി.
വൈകീട്ടോടെയായിരുന്നു അദ്ദേഹം ശശിയുടെ വീട്ടിൽ എത്തിയത്. ബിജെപി ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു. ശശിയുടെ ചികിത്സയ്ക്കായി ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ചിലവായത്. കരുവന്നൂർ ബാങ്കിൽ നിന്നും പണം ലഭിക്കാത്തതിനാൽ കടം വാങ്ങിയായിരുന്നു ചികിത്സ. മൂന്ന് ലക്ഷം രൂപയാണ് ഇത്തരത്തിൽ കടമായി വാങ്ങിയത്. ഈ തുക നൽകാമെന്നാണ് സുരേഷ് ഗോപി ഉറപ്പ് നൽകിയിരിക്കുന്നത്. ഇതിന് പുറമേ ശശിയുടെ അമ്മയ്ക്ക് ആറ് മാസം കൂടുമ്പോൾ മരുന്നുകൾ എത്തിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇതിനായി ജില്ലാ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായവർക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശശിയുടെ കുടുംബത്തെ അദ്ദേഹം കണ്ടത്. 14 ലക്ഷം രൂപയാണ് ശശിയുടെയും അമ്മയുടെയും പേരിൽ ബാങ്കിൽ ഉണ്ടായിരുന്നത്. എന്നാൽ 1,90,000 രൂപമാത്രമാണ് ബാങ്കിൽ നിന്നും ചികിത്സയ്ക്കായി ലഭിച്ചിരുന്നത്.
Discussion about this post