എറണാകുളം: തടവ് പുള്ളിയ്ക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോൾ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് പരോൾ അനുവദിച്ചത്. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്.
ഹർജി പരിഗണിച്ച കോടതി സന്താനോല്പാദനം മൗലികാവകാശമാണെന്ന് നിരീക്ഷിച്ചു. ഇതേ തുടർന്നാണ് പരോൾ അനുവദിച്ചത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിലാണ് പ്രതിയുള്ളത്. ചികിത്സയ്ക്കായി പരോൾ അനുവദിക്കാൻ ജയിൽ ഡിജിപിയ്ക്ക് കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാൾക്ക് പരോൾ അനുവദിക്കും.
കഴിഞ്ഞ ഏഴ് വർഷമായി ഇയാൾ ജയിലിലാണ്. ഒരു കുട്ടിയുണ്ടാകുക എന്നത് സ്വപ്‌നമാണെന്നും പലമാർഗ്ഗങ്ങൾ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ലെന്നും ഇതോടെയാണ് ഐവിഎഫ് ചികിത്സ തീരുമാനിച്ചത് എന്നും ഭാര്യ സമർപ്പിച്ച ഹർജിയിൽ പറയുന്നു. മൂന്ന് മാസത്തേക്ക് ഭർത്താവിന്റെ സാന്നിദ്ധ്യം വേണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി ആശുപത്രിയിൽ നിന്നും ലഭിച്ച കത്തും പരാതിക്കാരി കോടതി മുൻപാകെ സമർപ്പിച്ചു.
Discussion about this post