ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന തലൈവർ 170 എന്ന് താത്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറില്‍ അൽപ്പം നരച്ച മുടിയും താടിയുമായിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ കുറച്ചു ചെറുപ്പമായ ഗെറ്റപ്പിലാണ് രജനി എത്തുന്നത്. തിരുവന്തപുരത്തുവച്ച് നടന്ന പൂജ ചടങ്ങില്‍ രജനിക്കൊപ്പം മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ പങ്കെടുത്തു. പൊലീസുകാരന്റെ വേഷത്തിലാകും രജനി ഈ ചിത്രത്തിൽ എത്തുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രജനിയുടെ ഭാര്യയുടെ റോളിലാവും മഞ്ജു വാര്യർ എത്തുക. ഈ സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. ‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.
Discussion about this post