ജി. ആർ ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ സിനിമയാവുന്നു എന്ന വാർത്തകൾ വന്നതുമുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. അന്തരിച്ച സംവിധായകൻ സച്ചി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ സച്ചിയുടെ വിയോഗത്തെ തുടർന്ന് പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാരാണ് ചിത്രം ഇപ്പോൾ സംവിധാനം ചെയ്യുന്നത്.
എന്നാൽ ‘വിലായത്ത് ബുദ്ധ’യുടെ സെറ്റിൽ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ്. പരുക്കിനെ തുടർന്ന് കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ, തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഡോക്‌ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് എഴുതിയ കുറിപ്പിലാണ് അപകടത്തെക്കുറിച്ച് പറയുന്നത്. വിലായത്ത് ബുദ്ധയ്ക്ക് വേണ്ടിയുള്ള ആക്‌ഷൻ സീക്വൻസിനിടെ ഉണ്ടായ അപകടത്തിന് ശേഷം മൂന്നു മാസമാണ് താരത്തിന് ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. മുട്ടിന് പരുക്കേറ്റ തന്നെ വിദഗ്ദ്ധമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയ ഡോക്ടറിനും തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിച്ച ഫിസിയോതെറാപ്പിസ്റ്റിനും നന്ദിപറഞ്ഞാണ് പൃഥ്വിരാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്. വീണ്ടും ജോലിയിലേക്ക് മടങ്ങുകയാണെന്നും ആവേശകരമായ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ എന്നും എമ്പുരാനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.
‘‘വിലായത്ത് ബുദ്ധയിലെ ഒരു ആക്‌ഷൻ സീക്വൻസിനായി ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ചാടി കാൽമുട്ടിന് പരുക്കേറ്റിട്ട് 3 മാസമായി. അതിനെത്തുടർന്ന് വളരെ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. അന്നുമുതൽ പഴയ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചായിരുന്നു ചിന്ത. എല്ലാവരോടും നന്ദി പറയാൻ ഏറ്റവും നല്ല സമയമാണിതെന്ന് ഞാൻ കരുതുന്നു. ഡോക്ടർ ജേക്കബ് വർഗീസിനെക്കുറിച്ചാണ് എനിക്ക് ആദ്യം പറയാനുള്ളത്. ലേക്‌ഷോറിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മികച്ച ടീമിനൊപ്പം എന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ ചെയ്ത അതിശയകരമായ വൈദഗ്ധ്യമുള്ള ഒരു സർജൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിരന്തരമായ മാർഗനിർദേശവും പരിചരണവും ഇല്ലായിരുന്നെങ്കിൽ ഇനി മടക്കയാത്ര അസാധ്യമായേനെ. അടുത്തതായി പറയാനുള്ളത് ചീഫ് ഫിസിയോതെറാപ്പിസ്റ്റായ ഡോ. സുഹാസിനെക്കുറിച്ചാണ്. ഒരു ഓർത്തോപീഡിക് ശസ്ത്രക്രിയയിൽ നിന്ന് വിജയകരമായി സുഖം പ്രാപിച്ച ഏതൊരാൾക്കും ശസ്ത്രക്രിയ പോലെ തന്നെ അതിനു ശേഷമുള്ള ഫിസിയോതെറാപ്പിയും പ്രധാനമാണ്. എന്റെ കാൽ സുഖം പ്രാപിക്കാനായി ഏറ്റവും മെച്ചപ്പെട്ട റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ രൂപകല്പന ചെയ്ത വിദഗ്ദ്ധനാണ് ഡോ. സുഹാസ്. അദ്ദേഹത്തിന്റെ സേവനം ഇനിയും എനിക്ക് ആവശ്യമുണ്ട്. അദ്ദേഹം രൂപകൽപ്പന ചെയ്ത പ്ലാൻ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിച്ച ഫിസിയോതെറാപ്പിസ്റ്റ് രാകേഷിനെയും ഓർമിക്കാതിരിക്കാൻ കഴിയില്ല. എല്ലാ ദിവസവും ചിലപ്പോൾ ഒരു ദിവസം 4 തവണ വരെ ഫിസിയോ തെറാപ്പി സെഷനുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. എന്റെ ശസ്ത്രക്രിയ കഴിഞ്ഞ ആദ്യ ആഴ്ചകളിൽ ഫിസിയോതെറാപ്പിയും പൂർവസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടിക്രമങ്ങളും എല്ലാ ദിവസവും 9 മണിക്കൂർ നീണ്ടുനിൽക്കുന്ന സെഷനുകളായിരുന്നു.
പൂർണമായി സുഖം പ്രാപിക്കാൻ ഇനിയും സമയമെടുക്കും. അതുകൊണ്ട് എന്റെ ഫിസിയോതെറാപ്പിയും മറ്റ് ചികിത്സകളും ഇനിയും തുടരേണ്ടിവരും. മൂന്നു മാസം മുൻപ് ഞാൻ എവിടെയായിരുന്നോ അവിടെ മടങ്ങിയെത്താൻ എന്നെ സഹായിച്ചത് ഈ ടീമിന്റെ അർപ്പണബോധവും ആത്മാർഥതയും മൂലമാണ്. നിങ്ങളുടെ തൊഴിലുകളോടുള്ള പ്രതിബദ്ധതയ്ക്കും പ്രചോദനാത്മകമായ ആത്മസമർപ്പണത്തിനും നന്ദി. നിങ്ങളുടെ കരുതലിലും ആത്മാര്ഥതയിലും ഞാൻ അകമഴിഞ്ഞ് നന്ദി രേഖപ്പെടുത്തുന്നു. ജോലിയിൽ തിരിച്ചെത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഏവരെയും ആവേശം കൊള്ളിക്കുന്ന അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക..’’–പൃഥ്വിരാജ് കുറിച്ചു.
എന്നാൽ മൂന്ന് മാസത്തെ വിശ്രമത്തിനു ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എംപുരാന്റെ ചിത്രീകരണം ഡൽഹിയിൽ ആരംഭിച്ചിരിക്കുകയാണ്.
Discussion about this post