മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്ക്വാഡി’നെ പരാമർശിച്ച് വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. സിനിമയിൽ കേരളത്തിലെ പോലീസുകാരെക്കുറിച്ച് പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് ഷാഹിദ പറയുന്നു. എന്നാൽ ഇരുപത് ശതമാനം പൊലീസുകാർ മാത്രമാണ് നല്ലതെന്ന കണക്കിനോടു യോജിക്കുന്നില്ലെന്നും നാൽപത് ശതമാനം ആളുകളും നല്ലവരാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ, പ്രമേയം എന്താണെങ്കിലും സിനിമയായാൽ നായിക വേണ്ടേ എന്നും ഷാഹിദ ചോദിക്കുന്നു.
ഫെയ്സ്ബുക്കിൽ മമ്മൂട്ടി പങ്കുവച്ച കണ്ണൂർ സ്ക്വാഡ് പോസ്റ്ററിന്റെ താഴെയാണ് ഈ കമന്റുമായി ഷാഹിദ എത്തിയത്. ‘‘കണ്ണൂർ സ്ക്വാഡ് കണ്ടു. തിയറ്ററിൽ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങൾ. ഒരു റിയൽ സ്റ്റോറി, പൊലീസുകാരെയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്. കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം. ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്പെഷൽ സ്ക്വാഡിനെ പറ്റി ലോക്കൽ പൊലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പൊലീസും നല്ലതാണ്. പിന്നെ മറ്റൊന്ന്, പ്രമേയം എന്താണങ്കിലും സിനിമയല്ലേ ഒരു നായിക വേണ്ടേ ?’’–ഷാഹിദ കമാൽ പറയുന്നു.
തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി ‘കണ്ണൂർ സ്ക്വാഡ്’ ഇപ്പോഴും പ്രദർശനം തുടരുകയാണ്. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലാണ് ഈ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.
Discussion about this post