ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ സജീവമായില്ലെന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. താൻ എഴുതിക്കൊടുത്തത് ആരും അംഗീകരിച്ചില്ല. പാർട്ടിയ്ക്ക് ദോഷമില്ലാത്ത രീതിയിൽ ഇതിന്റെ വസ്തുത പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും വിട്ട് നിൽക്കാൻ മാനസികമായി തയ്യാറായിരുന്നു. ആലപ്പുഴയിലും അമ്പലപ്പുഴയിലും ആര് മത്സരിക്കണമെന്ന് നിർദ്ദേശിച്ചത് താനാണ്. അത് നിഷേധിക്കാൻ കഴിയുമോ?. താൻ വെറുതെ ഒരു കാര്യം ഉന്നയിക്കില്ല. അവര് തന്നോട് നല്ല നിലയിലൊന്നുമല്ല പെരുമാറിയത്. താൻ ആരെയും തോൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ആദ്യമായി മത്സരിക്കുന്ന ഒരാൾ 11,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമോ. ഇതേ മണ്ഡലത്തിൽ താൻ തോറ്റിട്ടുണ്ട്. പിന്നീട് ആണ് ജയിച്ചുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രവർത്തനങ്ങളെല്ലാം പ്രോഗ്രാം നോട്ടീസ് ആയിട്ട് ഇറങ്ങിയിട്ടുള്ളതാണ്. എന്നാൽ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് അല്ലെ എളമരം കരീം എഴുതി വച്ചത്. താൻ എല്ലാം എഴുതി കൊടുത്തത് ആണ്. ഒരു വരി അംഗീകരിച്ചോ?. കാര്യം എന്താണെന്ന് എനിക്ക് അറിയാം. ഞാൻ പ്രതിഷേധിച്ചില്ലല്ലോ?. സംസ്ഥാന കമ്മിറ്റിയിൽ എനിക്ക് പറയാനുള്ളത് അര മണിക്കൂർ ഞാൻ ശക്തമായി പറയും. കുറച്ചു കൂടി കഴിഞ്ഞ് പാർട്ടിയ്ക്ക് പ്രശ്‌നമില്ലാത്ത രീതിയിൽ വസ്തുത പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post