അഭ്യസ്ഥവിദ്യരായിട്ടും യോഗ്യതയ്ക്കനുസരിച്ച ജോലി ലഭിക്കാതെ പോകുന്ന സംസ്ഥാനത്തെ യുവാക്കളുടെ അവസ്ഥയും സർക്കാർ ജോലിക്ക് പിറകെ ഓടേണ്ട നിർബന്ധിത സാഹചര്യവും ചർച്ചയാക്കി മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ന് കേരളത്തിലെ യുവജനങ്ങളുടെ ദുരിതം അദ്ദേഹം ചർച്ചയാക്കിയത് പോസ്റ്റിന്റെ പൂർണരൂപം
കേരളം എന്ന രോഗം
കേരളത്തിൽ ഈ വർഷം പരിശീലനം കഴിഞ്ഞിറങ്ങിയ വിമൻ പോലീസ് ഓഫീസര്മാരെപ്പറ്റിയുള്ള (പണ്ട് പോലീസ് കോൺസ്റ്റബിൾ എന്നായിരുന്നു ഈ ജോലിയുടെ പേര്. ഇപ്പോൾ WPO ആയി. വളരെ നല്ല കാര്യമാണ്) ഒരു വാർത്ത എൻ്റെ അടുത്ത സുഹൃത്താണ് പങ്കുവച്ചത്.
പ്ലസ് റ്റു ആണ് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത
പക്ഷെ തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യത താഴെ പറയും വിധമാണ്
ആകെ പരിശീലനം കഴിഞ്ഞവർ – 446
ബിരുദം കഴിഞ്ഞവർ – 187
ബിരുദാനന്തര ബിരുദം – 119
ബി എഡ് – 50
ബി ടെക്ക് – 58
എം സി എ 2
എം ബി എ 6
എം ടെക്ക് – 7
അതായത് നാനൂറ്റി നാല്പത്തി ആറു പേരിൽ മുന്നൂറ്റി മുപ്പത്തി എട്ടു പേരും ബിരുദമോ അതിനപ്പുറമോ നേടിയതാണ്.
ശ്രദ്ധിക്കണം
ഇതൊരു വലിയ രോഗത്തിന്റെ ലക്ഷണമാണ്.
ആ രോഗത്തിന്റെ പേര് കേരളം എന്നാണ്
എന്തുകൊണ്ടാണ് അടിസ്ഥാന യോഗ്യതയിലും ഏറെ കൂടുതൽ യോഗ്യത ഉള്ളവർ ഈ ജോലിക്ക് പോകുന്നത്?
പോലീസ് ജോലി ഏറെ ഇഷ്ടമുള്ളവർ തീർച്ചയായും ഉണ്ടാകും. അതുകൊണ്ട് പി എച്ച് ഡി കഴിഞ്ഞാലും കോൺസ്റ്റബിൾ ആകാം എന്ന് തീരുമാനിക്കുന്നവർ ഒക്കെ ഉണ്ടാകാം. അതൊക്കെ ഒരു ചെറിയ ശതമാനമാണ്.
ബഹുഭൂരിപക്ഷവും കേരളത്തിലെ ഇന്നത്തെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളിൽ ഏറ്റവും റാഷണൽ ആയിട്ടുള്ള തീരുമാനം എടുത്തവരാണ്.
കാരണം കേരളത്തിൽ ഇന്ന് സ്ഥിരതയുള്ള ഒരു തൊഴിൽ എന്നുള്ളത് സർക്കാർ ജോലി മാത്രമാണ്
ജോലി സ്ഥിരത മാത്രമല്ല ജോലി കഴിഞ്ഞാൽ പെൻഷൻ സംവിധാനവും ഉണ്ട്.
പല സർക്കാർ ജോലികളിലും ശമ്പളത്തിന് പുറത്തും കിമ്പളം കിട്ടാനുള്ള സാധ്യത ഉണ്ടെന്നുള്ളത് അവിടെ നിൽക്കട്ടെ. ഇന്നത്തെ വിഷയം അതല്ല.
ജോലിയിൽ ഉള്ളപ്പോഴും ജോലി കഴിഞ്ഞാലും സർക്കാർ ജോലിയിൽ ഉളളവർക്ക് വലിയ സംഘടനാ ബലം ഉണ്ട്
അതുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥന്മാരുടെ തൊഴിൽ- സാമ്പത്തിക താല്പര്യങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങൾ എടുക്കാൻ ഭരിക്കുന്ന സർക്കാർ, അത് ഏത് മുന്നണി ആണെങ്കിലും, ശ്രമിക്കില്ല എന്ന് ഉറപ്പാക്കാൻ അവർക്ക് കഴിയും.
ഇതിനൊക്ക വലിയ പ്രത്യാഘാതങ്ങൾ ഉണ്ട് ‘
ഒന്നാമത് സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ അത് “സ്ഥിര”മാണെന്ന ബോധം ഉദ്യോഗസ്ഥർക്ക് ഉണ്ട്. അവർ ചെയ്യുന്ന സേവനങ്ങൾ എങ്ങനെ ആയാലും, അവർ സേവിക്കുന്ന സമൂഹത്തിന് എന്ത് സംഭവിച്ചാലും ഉദ്യോഗസ്ഥരുടെ ജോലിയും, ശമ്പളവും, പെൻഷനും ഒക്കെ ഗ്യാരന്റീഡ് ആണ്.
ഉദാഹരണത്തിന് കേരളത്തിൽ കൂടുതൽ വ്യവസായം വന്നാലും ഇല്ലെങ്കിലും വ്യവസായ വകുപ്പിൽ ഉള്ളവർക്ക് യാതൊരു മാറ്റവും ഇല്ല
കേരളത്തിൽ ഹോം സ്റ്റേ നടന്നാലും ഇല്ലെങ്കിലും അത് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ സേവന വേതന വ്യവസ്ഥകളിൽ ഒരു മാറ്റവും ഇല്ല.
അപ്പോൾ സാഹചര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രത്യേകിച്ച് ഒരു താല്പര്യവും എടുക്കേണ്ട ആവശ്യമില്ല.
അത് മാത്രമല്ല
സേവനത്തിന് ശേഷം വിരമിക്കുമ്പോൾ പെൻഷൻ ബുദ്ധിമുട്ടില്ലാതെ കിട്ടുക എന്നതാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ഏറ്റവും വലിയ ആഗ്രഹം. പ്രത്യേകിച്ചും ഉദ്യോഗ പർവ്വത്തിന്റെ രണ്ടാം പകുതിയിൽ.
അപ്പോൾ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ പരമാവധി എടുക്കാതിരിക്കുക, എന്തിനാണ് വയസ്സുകാലത്ത് വയ്യാവേലി ഒക്കെ പിടിച്ചു വക്കുന്നത് എന്നൊക്കെ അവർ ചിന്തിക്കും.
സമൂഹത്തിന്റെ പുരോഗതിയെ അതും ബാധിക്കും
പക്ഷെ കുഴപ്പമില്ല, ഇന്ന് കേരളത്തിൽ സർവീസിൽ ഇരിക്കുന്ന ഏറെ സർക്കാർ ഉദ്യോഗസ്ഥർ അവർ ജോലി ചെയ്ത വർഷത്തിൽ കൂടുതൽ പെൻഷൻ വാങ്ങി ജീവിക്കും.
ഇതുമല്ല
ഒരേ സേവനത്തിന് പൊതുകമ്പോളത്തിൽ ലഭിക്കുന്നതിന്റെ പല മടങ്ങാണ് സർക്കാർ ജോലിയിലെ ശമ്പളം. ഇത് അധ്യാപകരാകട്ടെ, ഗുമസ്ഥരാകട്ടെ ഒക്കെ ശരിയാണ്.
മറ്റുള്ള ഒരു സാമ്പത്തിക രംഗവും ഇന്ന് കേരളത്തിൽ ആകർഷകമല്ല (ഐ ടി യിലെ ഒരു ചെറിയ ഭാഗം ഒഴിച്ചാൽ)
സമൂഹം ഇതൊക്കെ കാണുന്നുണ്ട്.
എം ടേക്കോ പി എച്ച് ഡി യോ എടുത്താൽ പോലും സർക്കാർ തലത്തിൽ ഒരു ഗുമസ്തപ്പണി എങ്കിലും കിട്ടിയില്ലെങ്കിൽ ജീവിത സ്ഥിരത ഇല്ല എന്ന് പുതിയ തലമുറക്ക് അറിയാം. പക്ഷെ സർക്കാർ ജോലികൾ കേരളത്തിലെ ജനസംഖ്യയുടെ പത്തു ശതമാനം പോലുമില്ല.
അതുകൊണ്ട് നന്നായി പഠിക്കുന്നവർ പ്ലസ് റ്റു കഴിയുമ്പോൾ തന്നെ നാട് കടക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രീമിയർ സ്ഥാപനങ്ങളിൽ പോയി നല്ല ബിരുദങ്ങൾ സമ്പാദിച്ച് അതിനനുസരിച്ചുള്ള ജോലി കേരളത്തിന് പുറത്ത് നേടുന്നു.
അതിന് സാധിക്കാത്തവർക്ക് ഇപ്പോൾ ഒരു എളുപ്പ വഴിയുണ്ട്. കുടുംബത്തിൽ പണമോ പണയപ്പെടുത്താൻ ഭൂമിയോ ഒക്കെ ഉണ്ടെങ്കിൽ വിദേശങ്ങളിലേക്ക് പഠന വിസ നേടാം, അവിടെ ഇവിടുത്തെതിലും കൂടുതൽ ഭാവി അവർ കാണുന്നു. (കേരളത്തിൽ എം ടെക് കഴിഞ്ഞവർ പ്ലസ് റ്റു മാത്രം വേണ്ട ജോലിക്ക് പോകുന്നതിൽ ഒരു ബുദ്ധിമുട്ടും കാണാത്തവരാണ് കേരളത്തിലെ പ്ലസ് റ്റു കഴിഞ്ഞ കുട്ടികൾ ബ്രിട്ടനിൽ കെയർ ഹോമിൽ ജോലിക്ക് പോകുന്നത് ബ്രെയിൻ വേസ്റ്റ് ആണെന്ന് ആകുലപ്പെടുന്നതാണ് മറ്റൊരാശ്വാസം).
ഇങ്ങനെ ഒരു വർഷം പുറത്തു പോകുന്നത് ഇപ്പോൾ ഏതാണ്ട് കേരളത്തിലെ ഓരോ വർഷവും പുറത്തിറങ്ങുന്നവരുടെ ഇരുപത് ശതമാനത്തോളം വരും. അതിനി മുപ്പതും നാല്പതും ആകാൻ അധികം സമയം വേണ്ട.
ഇനി ബാക്കി വരുന്നവരാണ് കേരളത്തിന്റെ ഭാവി തീരുമാനിക്കാൻ പോകുന്നത്.
അതിൽ നിന്നാണ് വോട്ടർമാരും നേതൃത്വവും ഉണ്ടാകാൻ പോകുന്നത്
അവർ ഉണ്ടാക്കാൻ പോകുന്ന ഭാവി എന്തെന്ന് ഞാൻ പ്രവചിക്കേണ്ട കാര്യമില്ല. ശോഭനമല്ല എന്ന് മാത്രം പറയാം
പക്ഷെ നിർഭാഗ്യവശാൽ ഇതൊന്നും കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നില്ല.
ഞാൻ മുൻപ് പറഞ്ഞ വാർത്ത ഏതെങ്കിലും ചാനലിൽ ഒരു ദിവസം എങ്കിലും പ്രൈം ടൈം ചർച്ച ആയോ?
കഴിഞ്ഞ ഒരു മാസംനമ്മുടെ ചാനലുകൾ ചർച്ച ചെയ്ത വിഷയങ്ങൾ എടുക്കൂ. അതിൽ എത്രയെണ്ണത്തിന് ഒരാഴ്ചയിൽ കൂടുതൽ ആയുസ്സുണ്ട്?
ചാനലിൽ മാത്രമല്ല മറ്റു മാധ്യമങ്ങളിൽ, നമ്മുടെ ഇലക്ഷൻ സമയത്ത്, നമ്മുടെ അസംബ്ലിയിൽ ഒന്നും ഇത് ചർച്ചയല്ല.
കാരണം ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ അന്നന്നത്തെ വിഷയത്തിൽ ഒച്ചപ്പാടുണ്ടാക്കി, ചുറ്റുമുള്ളവരെ ഒക്കെ പുച്ഛത്തോടെ കണ്ട്, കുറ്റം പറഞ്ഞു ജീവിക്കാനുള്ള ഒരു സാഹചര്യം ഇന്ന് ബഹുഭൂരിപക്ഷം മലയാളികൾക്കും ഉണ്ട്.
അത് കഴിഞ്ഞ തലമുറയിൽ പുറത്തുപോയവർ അയച്ചു കൊടുത്ത പണം നൽകുന്ന അടിത്തറയാണ്
അതി ദാരിദ്ര്യം ഇന്ത്യയിൽ ഏറ്റവും കുറവ്
പട്ടിണി അത്യപൂർവ്വം
ബഹുഭൂരിപക്ഷം മലയാളികൾക്കും അത്യാവശ്യം സൗകര്യങ്ങളോടെ ജീവിക്കാനുള്ള സാഹചര്യം
ബുദ്ധിമുട്ടുള്ള തൊഴിലുകൾ ചെയ്യാൻ ദശ ലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികൾ
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായം
ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആയുർ ദൈർഖ്യം
ഇതുകൊണ്ടൊക്കെ തന്നെ നമ്മുടെ മുന്നിലേക്ക് ഏറെ നോക്കാനും അങ്ങനെ നോക്കുമ്പോൾ കാണുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യാനുള്ള പദ്ധതികൾ ഉണ്ടാക്കാനും ആർക്കും ഒരു ധൃതിയുമില്ല. ഭരിക്കുന്നവർക്കും വോട്ട് ചെയ്യുന്നവർക്കും.
പക്ഷെ പുതിയ തലമുറ ഇത് കാണുന്നുണ്ട്. കേരളത്തിൽ ഇരുന്ന് മുന്നോട്ട് നോക്കുമ്പോൾ ഒരു ഭാവി അവർ കാണുന്നില്ല.
കേരളത്തിൽ നിന്നും പുറത്തേക്കുള്ള അതിവേഗത്തിലുള്ള യുവാക്കളുടെ ഒഴുക്ക് അതിൻ്റെ ഫലമാണ്.
ഇതൊക്കെ ഇന്ന് കണ്ട് രോഗം ചികിൽസിച്ചാൽ എല്ലാവർക്കും നല്ലത്
ഇല്ലെങ്കിൽ
നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് പുറമെ നിന്നുള്ള ഒഴുക്ക് കുറയും
ആഭ്യന്തരമായുള്ള നിർമ്മാണവും ഉപഭോഗം കുറയും
സർക്കാരിന്റെ വരുമാനം കുറയും
സർക്കാർ സേവനങ്ങൾ കുറയും
മറുനാടൻ തൊഴിലാളികൾ നാട് കടക്കും
ശമ്പളവും പെൻഷനും ഇല്ലാത്തവർ എഴുപതും എൺപതും വരെ തൊഴിൽ എടുക്കേണ്ടി വരും
നമ്മുടെ പെൻഷൻ ബില്ലുകൾ കൊടുക്കാൻ സർക്കാരിന് സാധിക്കാതെ വരും
രണ്ടായിരത്തി നാല്പതാകുമ്പോഴേക്കും അന്ന് റിട്ടയർ ആയ സർക്കാർ ജീവനക്കാർ ഇന്നത്തെ കെ എസ് ആർ ടി സി ജീവനക്കാരെപ്പോലെ പെൻഷൻ കിട്ടാൻ ചക്രശ്വാസം വലിക്കും. ഒരു കാലത്ത് നാട്ടുകാരെ മൊത്തം ചക്രശ്വാസം വലിപ്പിച്ചതിന്റെ കൂലിയാണെന്ന് നാട്ടുകാർ പറയുകയും ചെയ്യും
ഇതാണോ ഭാവി ? – അതെ
ഇത് മാത്രമാണോ സാധ്യമായ ഭാവി ?
അല്ല,
വ്യത്യസ്തമായ ഒരു ഭാവിയും സാധ്യമാണ്. പക്ഷെ അത് സ്വാഭാവികമായി ഉണ്ടാകില്ല.
നമുക്ക് എന്ത് ഭാവിയാണ് വേണ്ടതെന്ന് സമൂഹം ചിന്തിക്കണം, അതിലേക്ക് നയിക്കാൻ പറ്റിയ നേതൃത്വത്തെ കണ്ടെത്തണം.
അതിന് ആദ്യം നമുക്ക് ഒരു പ്രശ്നം ഉണ്ടെന്ന് സമ്മതിക്കണം
ഒരു സമൂഹം എന്ന നിലയിൽ നാം അതിന് തയ്യാറാണോ?
Discussion about this post