ജറുസലേം; പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധത്തിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. ഇസ്രയേലികളുടെ വിശുദ്ധ ദിനത്തിലാണ് ഹമാസ് ഭീകരർ രാജ്യത്തേക്ക് ഇരച്ചുകയറി ആക്രമണം ആരംഭിച്ചത്. ഇരുട്ടിന്റെ മറപറ്റി എത്തിയ തീവ്രവാദികൾ യോം കിപ്പൂർ യുദ്ധത്തിന്റെ കണക്ക് തീർക്കാമെന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് പകൽ പോലെ സത്യം. ചതി കൈമുതലാക്കി സോവിയറ്റ് യൂണിയന്റെ ആയുധസഹായത്തോടെ അന്ന് അറബ് സഖ്യം നടത്തിയ നീച യുദ്ധത്തിന്റെ ബാക്കിപത്രമാണ് ഇന്ന് വീണ്ടുമൊരു ഒക്ടോബർ മാസത്തിൽ പൊട്ടിപുറപ്പെട്ടിരിക്കുന്നത്.
ഓരോ മനുഷ്യന്റെയും വിധി ദൈവം ദൈവം തീരുമാനിക്കുന്ന ദിവസമാണെന്ന് യഹൂദ പാരമ്പര്യം വിശ്വസിക്കുന്ന ദിനം തന്നെയാണ് ഹമാസുകാർ ഇസ്രയേലികളുടെ വിധിദിനമായി തിരഞ്ഞെടുത്തത്. അന്ന് ഇസ്രയേലികളുടെ ചങ്കുറപ്പിൽ തോറ്റോടിയവർ ഇന്ന് കൃത്യം 50 വർഷത്തിനിപ്പുറം വീണ്ടുമൊരു യുദ്ധത്തിന് ആരംഭം കുറിച്ചതോടെ ഇസ്രയേലിന്റെ സർവ്വനാശം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് തീർച്ച.
1948ൽ സ്ഥാപിതമായതു മുതൽ ഇസ്രയേലിനെതിരെ പടനീക്കിയ അറബ് സേന 1973 ൽ വലിയ സന്നാഹത്തോടെയും ആസൂത്രണത്തിന് ഇറങ്ങിയത്. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിലെ ഈജിപ്തിന്റെ പരാജയത്തിന് കണക്ക് ചോദിക്കാൻ കൂടിയായിരുന്നു 1973 ലെ യുദ്ധം . ഒക്ടോബർ 6-ന് ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് യഹൂദ കലണ്ടർ അനുസരിച്ച്, പ്രായശ്ചിത്തത്തിന്റെയും ഉപവാസത്തിന്റെയും പുണ്യദിവസമായ യോം കിപ്പൂർ തീയതി- ഈജിപ്തും സിറിയയും ഒരേസമയം ഇസ്രയേലുമായുണ്ടാക്കിയ വെടിനിർത്തൽ ഉടമ്പടി ലംഘിച്ചു.കേവലം ഒരു മണിക്കൂർ കൊണ്ട് ഗോലാനെ തകർത്തു.
യുദ്ധസമയത്ത്, ഈജിപ്ഷ്യൻ, സിറിയൻ സേനകൾക്കെതിരെ താരതമേന്യ സൈനിക ബലം കുറവായിരുന്ന ഇസ്രയേൽ അതിശക്തമായ ചെറുത്തു നിൽപ്പ് നടത്തി. സൈന്യത്തിന്റെ ശക്തമായ പോരാട്ടത്തിൽ ഈജിപ്ഷ്യൻ ആക്രമണം സ്തംഭിച്ചു. ഗോലാൻ കുന്നുകളിൽ, നിന്ന് സിറിയൻ സൈന്യത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞു. സിറിയൻ പ്രദേശത്തേക്ക് പോലും ഇസ്രയേൽ മുന്നേറി. സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്ത് സൈന്യം ഇരച്ചുകയറി. അതേ സമയം, ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് 60 മൈൽ ഉള്ളിലേക്കും സൈന്യം എത്തിച്ചേർന്നു.
യുഎസ് ഇസ്രയേലിനെ പിന്തുണച്ചപ്പോൾ സോവിയറ്റ് യൂണിയൻ അറബ് രാജ്യങ്ങളെ, പ്രാഥമികമായി ഈജിപ്ത്, സിറിയ എന്നിവയ്ക്ക് സൈനിക സഹായവും ഉപകരണങ്ങളും നൽകി കൂടെ നിന്നു. രണ്ടര ആഴ്ചയോളം നീണ്ടുനിന്ന ചോരപ്പുഴയൊഴുക്കിയ യുദ്ധത്തിനിടെ, യുഎൻ മധ്യസ്ഥതയിൽ രണ്ടാമത് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.
ഈജിപ്ത്-സിറിയ സഖ്യവും ഇസ്രയേലും തമ്മിൽ 1973 ൽ ആരംഭിച്ച യുദ്ധം യോം കിപ്പൂരിലെ യഹൂദരുടെ വിശുദ്ധ ദിനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.ആ കാലത്ത് സിറിയ ഭരിച്ചിരുന്ന ഹഫീസ് അൽ-അസാദിന് ഗോലാൻ കുന്നുകളുടെ വീണ്ടെടുപ്പ് അത്യന്താപേക്ഷികമായിരുന്നു. ഈജിപ്തിനാകട്ടെ 1967 മുതൽ ഇസ്രായേൽ അധിനിവേശം നടത്തിയിരുന്ന സിനായ് പെനിൻസുലയുടെ നിയന്ത്രണം വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം. യോ കിപ്പൂർ യുദ്ധത്തിന് ശേഷം ഉടമ്പടികളിലൂടെ ഇസ്രയേലിന് ഇരട്ടിഭൂമി ലഭിച്ചു. ഒക്ടോബർ യുദ്ധത്തിന് ശേഷം ശത്രുരാജ്യങ്ങളുമായി നയതന്ത്ര ബന്ധം വളർത്തിയെടുക്കാൻ കഴിഞ്ഞു.
അന്നത്തെ കനത്ത തോൽവിയ്ക്ക് യഹൂദരുടെ പുണ്യദിനത്തിൽ മറുപടി പറയാമെന്ന വ്യാമോഹവുമായി എത്തിയിരിക്കുകയാണ് ഹമാസ് സംഘം. എന്നാൽ ശത്രുക്കളെ പൂർണമായും തുടച്ചുനീക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് നെതന്യാഹു.
Discussion about this post