ജെറുസലേം : ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ഇന്ന് പുലർച്ചെയോടെ ഉണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 740 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ 198 ഓളം പലസ്തീനികൾ കൊല്ലപ്പെട്ടു എന്ന അനൗദ്യോഗിക റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
ഹമാസ് ഭീകരർ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേൽ യുദ്ധത്തിന് തയ്യാറാണെന്നും രാജ്യത്തിന് നേരെ ആക്രമണം നടത്തിയ ഹമാസ് ഭീകരർ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഹമാസ്് ഇസ്രായേലിന് നേരെ നടത്തിയ വ്യോമാക്രമണം ഞെട്ടലോടെയാണ് ലോകം നോക്കി കണ്ടത്. ഇസ്രായേലിലെ ഭീകരാക്രമണ വാർത്ത അഗാധമായ ഞെട്ടലുണ്ടാക്കി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസ് ഭീകരർ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം ഞെട്ടിച്ചു എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ്ണമായ അവകാശമുണ്ട്. ഇസ്രായേലി അധികാരികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും സംയമനത്തോടെ പ്രവർത്തിക്കണമെന്നും സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ഇസ്രായേലികളോടും ഫലസ്തീനുകളോടും ആവശ്യപ്പെട്ടു.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു. യൂറോപ്യൻ യൂണിയൻ ‘ഇസ്രായേൽ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ‘ഇസ്രായേലിനെതിരായ നിലവിലെ ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇസ്രായേൽ ജനതയോട് ഞാൻ എന്റെ പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു’ അദ്ദേഹം വ്യക്തമാക്കി.
Discussion about this post