ജെറുസലേം∙ ഇന്നലെ രാവിലെ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന്റെ ദാരുണ ദൃശ്യങ്ങൾ വിവരിച്ച് ദൃക്സാക്ഷിയായ ഇസ്രയേലി വനിത. രാവിലെ വീടിനു മുന്നിൽ ആയുധധാരികളായ ഭീകരരെയും വഴിയിലുടനീളം രക്തത്തിൽ കുളിച്ചു കിടക്കുന്ന നിരവധി മൃതദേഹങ്ങളും കണ്ടതായി അവർ വിവരിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ റെയിമിനടുത്ത് നടന്ന ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്തവരാണ് ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. ‘നൂറിലേറെപ്പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. റോക്കറ്റിന്‍റെ സൈറണ്‍ മുഴങ്ങിയതും പാട്ട് നിര്‍ത്തി. എന്നാൽ ആയുധധാരികളെത്തി വെടിയുതിർത്തു. എവിടെ നിന്നാണ് ഇവരെത്തിയതെന്നു വ്യക്തമല്ല.’ – ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി. വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ മരിച്ചതുപോലെ കിടന്നതുകൊണ്ടു മാത്രമാണ് തന്റെ ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ എസ്തര്‍ പറയുന്നു. ‘എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീകരര്‍ കൊലപ്പെടുത്തി. മരിച്ചെന്നു തോന്നിയതോടെ അവർ എന്നെ എടുത്ത് കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ മരിച്ചതു പോലെ കിടന്നു. ഭയം കാരണം എനിക്ക് എന്റെ കാലുകൾ പോലും അനക്കാൻ കഴിഞ്ഞില്ല.’ – എസ്തര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ മുതൽ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്, അക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
Discussion about this post