സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് നിർമാതാവ് ആന്റോ ജോസഫ്. ആ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ മതിയാകില്ലെന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് ആന്റോ ജോസഫ് എഴുതിയത്. ‘‘ഈ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ മതിയാവില്ല. ഒറ്റവിരൽ ചലനം കൊണ്ട് ലോകത്തെ മുഴുവൻ ചൂളം വിളിപ്പിക്കുന്ന, രസികർ മൺട്രങ്ങൾക്ക് മുഴുവൻ ആത്മാവ് ആയ മനിതൻ… അല്ല..മാന്ത്രികൻ. ഒരേയൊരു രജനികാന്ത് സർ. അദ്ദേഹം ചേർത്തുപിടിച്ച നിമിഷം ഞാൻ അദ്ഭുതത്തെ തൊട്ടു.
‘2018’ സിനിമ കണ്ടതിനുശേഷം രജനി സർ അണിയറ പ്രവർത്തകരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ സംവിധായകൻ ജൂഡും, വേണു കുന്നപ്പള്ളിയും ഞാനും തിരുവനന്തപുരത്ത് രജനി സാറിനെ കണ്ടു. അദ്ദേഹം ഒരുപാട് സംസാരിച്ചു. 2018 ന് പിന്നിലുണ്ടായ അധ്വാനത്തെക്കുറിച്ച് അന്വേഷിച്ചു. ഓസ്കർ പ്രവേശന നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു. സിനിമയെന്ന തന്റെ എക്കാലത്തെയും വലിയ പ്രണയത്തെക്കുറിച്ച് വാചാലനായി.. ഞങ്ങൾ അവിടെ കണ്ടത് രജനികാന്ത് എന്ന അതിമാനുഷനായ താരത്തെയല്ല, തീർത്തും സാധാരണക്കാരനായ ഒരാളെയാണ്. ആ നല്ല മുഹൂർത്തങ്ങൾക്ക് രജനി സാറിനും ദൈവത്തിനും നന്ദി.’’– ആന്റോ ജോസഫ് എഴുതി.
Discussion about this post