മലപ്പുറം : പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഇടതു പക്ഷത്തിന്റെ ചരിത്ര ബോധത്തിലെ വൈരുദ്ധ്യങ്ങള്‍ തുറന്ന് കാട്ടി അഡ്വ. ശങ്കു ടി ദാസ്. ഇടത് പക്ഷത്തിന്റെ ചരിത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ അഖണ്ഡ ഭാരതം ഉണ്ടാകുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അപ്പോള്‍ മാറ്റി പറയരുതെന്നും ശങ്കു പറയുന്നു. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ശങ്കുവിന്റെ പ്രതികരണം.
ഇസ്രയേല്‍ അല്ല, പാലസ്തീന്‍ ആണ് യഥാര്‍ത്ഥ രാഷ്ട്രം എന്ന് പറയുന്നവര്‍ ഒരു രാഷ്ട്രത്തെ സാധുവായി സമ്മതിക്കാന്‍ 75 വര്‍ഷത്തെ നിലനില്‍പ്പോ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമോ ഒന്നും പോരാ, നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യം വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്. കൂടാതെ രാഷ്ട്ര നിര്‍മ്മിതിക്ക് പിന്നില്‍ പാശ്ചാത്യ താല്പര്യങ്ങള്‍ ഉണ്ടാവാനും പാടില്ലെന്നും അവര്‍ പറയുന്നു. പക്ഷെ ഇതേ ആളുകള്‍ ഇന്ത്യയുടെ കാര്യം വരുമ്പോള്‍ ബ്രിട്ടീഷുകാരാണ് ദയാപൂര്‍വ്വം നിര്‍മിച്ചു തന്നതെന്നും അതിന് മുന്‍പത്തെ നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും ഒന്നും ആധുനിക രാഷ്ട്രത്തിന്റെ വര്‍ത്തമാനകാല വ്യവഹാരങ്ങള്‍ക്ക് ബാധകമേ അല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഥവാ പതിനാറാം നൂറ്റാണ്ടിനു മുന്നേയുള്ള ചരിത്രം എടുക്കുകയാണെങ്കില്‍ വീണ്ടും നിലപാട് തിരുത്തി പ്രദേശം ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭരണത്തിന് കീഴില്‍ വന്ന 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രം എടുത്താല്‍ മതി, മധ്യകാല ചരിത്രമാണ് ശരിക്കുമുള്ള ചരിത്രമെന്ന് വീണ്ടും പറയുമെന്നും ശങ്കു ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അവരുടെ ന്യായം അംഗീകരിച്ചു പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രമാണ് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ബാധകമാവുന്നതെങ്കില്‍, അയോദ്ധ്യയിലും മധുരയിലും കാശിയിലും ഒക്കെ പള്ളികള്‍ക്ക് പകരം ക്ഷേത്രങ്ങള്‍ തന്നെയല്ലേ വേണ്ടതെന്ന് ചോദിച്ചാല്‍ അവര്‍ പിന്നെയും നിലപാട് തിരുത്തും. മധ്യകാല ചരിത്രം പരിശോധിച്ചാല്‍ അവിടെ നിലനിന്നിരുന്ന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് പള്ളികള്‍ നിര്‍മിച്ചത് എന്ന് വ്യക്തമാകുമല്ലോ എന്ന് ചോദിച്ചാല്‍ ഇടത് പക്ഷത്തിന് അത് തീരെ പറ്റില്ല. ഇത്തരത്തില്‍ ഇടതു പക്ഷത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നതെന്ന് മുതലാണെന്നും ഇന്ത്യയുടെ ചരിത്രം പറയുമ്പോള്‍ ഇരുപതാം നൂറ്റാണ്ടും ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ പതിനാറാം നൂറ്റാണ്ടുമാവണം ബേസ് ഇയര്‍ എന്നാണോ ഇസ്ലാമോ ഇടതു പക്ഷത്തിന്റെ നിലപാടെന്നും ശങ്കു ചോദിക്കുന്നു.
ഫേസ്ബക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
നമ്മുടെ ഇസ്ലാമോ ഇടതുപക്ഷത്തിന്റെ ചരിത്ര ബോധം വളരെ രസകരമാണ്.
ഇസ്രായേലിനെ പറ്റി അവര്‍ പറയുന്നത് അതൊരു യഥാര്‍ത്ഥ രാഷ്ട്രം പോലുമല്ല, 1948ല്‍ പാശ്ചാത്യ ലോകത്തിന്റെ ഉപജാപത്തിന്റെ ഫലമായി നിലവില്‍ വന്ന ഒരു രാഷ്ട്ര സങ്കല്‍പം മാത്രമാണ്, അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ അവിടെ നിലനിന്നിരുന്ന പാലസ്തീന്‍ ആണ് യഥാര്‍ത്ഥ രാഷ്ട്രം എന്നാണ്.
അതായത് ഒരു രാഷ്ട്രത്തെ സാധുവായി സമ്മതിക്കാന്‍ 75 വര്‍ഷത്തെ നിലനില്‍പ്പോ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമോ ഒന്നും പോരാ, നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യം വേണമെന്നാണ് നിലപാട്.
രാഷ്ട്ര നിര്‍മ്മിതിക്ക് പിന്നില്‍ പാശ്ചാത്യ താല്പര്യങ്ങള്‍ ഉണ്ടാവാനും പാടില്ലത്രേ.
എന്നാല്‍ ഇതേ ആളുകള്‍ ഇന്ത്യയുടെ കാര്യത്തില്‍ പറയുന്നത് അത് 1947 ഓഗസ്റ്റ് 15ന് മാത്രം നിലവില്‍ വന്ന രാഷ്ട്രമാണ്, ബ്രിട്ടീഷുകാരാണ് ദയാപൂര്‍വ്വം അത് നമുക്ക് നിര്‍മിച്ചു തന്നത്, അതിന് മുന്‍പത്തെ നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും ഒന്നും ആ ആധുനിക രാഷ്ട്രത്തിന്റെ വര്‍ത്തമാനകാല വ്യവഹാരങ്ങള്‍ക്ക് ബാധകമേ അല്ലെന്നാണ്.
അതായത് ഒരു ആധുനിക രാഷ്ട്രത്തിന് 75 വര്‍ഷത്തെ ചരിത്രം ധാരാളവുമാണ് അതിന്റെ നിര്‍മ്മിതിക്ക് പിന്നിലെ പാശ്ചാത്യ ഇടപെടല്‍ സാരവുമില്ല എന്നായി നിലപാട്.
ഒരുപാട് പിന്നിലേക്കുള്ള ചരിത്രമാണ് തീരെ പാടാത്തതായിട്ടുള്ളത് എന്ന്.
ശരി, ഇനി ചരിത്രത്തിന്റെ കുറവാണ് ഇസ്രായേലിന്റെ പ്രശ്‌നം എങ്കില്‍ സിറിയക്കും ലെവന്റിനും മുന്‍പേ നിലനിന്ന കാനാന്‍ ദേശത്തിന്റെ ചരിത്രം മുതല്‍ എടുത്ത് തുടങ്ങാമല്ലോ, അവിടെ 1047 ബിസിഇ- യില്‍ തന്നെ കിംഗ്ടം ഓഫ് ഇസ്രയേല്‍ എന്നും കിംഗ്ടം ഓഫ് ജൂത എന്നും പേരുകളുള്ള രണ്ട് രാജ്യങ്ങള്‍ നിലവില്‍ വന്നിരുന്നല്ലോ, പ്രദേശത്തെ ജൂത സമൂഹത്തിന്റെ ചരിത്രവും അവിടെ മുതല്‍ തുടങ്ങുന്നതല്ലേ, സിഇ 1-2 നൂറ്റാണ്ടുകളില്‍ നടന്ന ജ്യൂയിഷ് റോമന്‍ യുദ്ധങ്ങള്‍ക്ക് ശേഷമല്ലേ ജൂതര്‍ അവിടെ നിന്ന് നിഷ്‌കാസിതര്‍ ആയത്, അതിനൊക്കെ ശേഷം സിഇ 7ആം നൂറ്റാണ്ടില്‍ മാത്രമല്ലേ ലെവന്റില്‍ അറേബ്യന്‍ അധിനിവേശം നടക്കുന്നതും അവിടേക്ക് ഇസ്ലാം കടന്ന് വരുന്നതും എന്ന് ചോദിച്ചാല്‍ അതും അവര്‍ക്ക് പറ്റില്ല. അത്ര പുറകോട്ടുള്ള ചരിത്രം നമുക്ക് ആവശ്യമില്ല, പ്രദേശം ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭരണത്തിന് കീഴില്‍ വന്ന 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രം എടുത്താല്‍ മതി, മധ്യകാല ചരിത്രമാണ് ശരിക്കുമുള്ള ചരിത്രമെന്ന് അപ്പോളവര്‍ പറയും.
ശരി, 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രമാണ് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ബാധകമാവുന്നതെങ്കില്‍, അയോദ്ധ്യയിലും മധുരയിലും കാശിയിലും ഒക്കെ പള്ളികള്‍ക്ക് പകരം ക്ഷേത്രങ്ങള്‍ തന്നെയല്ലേ വേണ്ടത്, മധ്യകാല ചരിത്രം പരിശോധിച്ചാല്‍ അവിടെ നിലനിന്നിരുന്ന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് പള്ളികള്‍ നിര്‍മിച്ചത് എന്ന് വ്യക്തമാകുമല്ലോ എന്ന് ചോദിച്ചാല്‍ അത് തീരെ പറ്റില്ല. അപ്പോള്‍ പറയുക 1991ല്‍ ഉണ്ടാക്കിയ പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ട് പ്രകാരം 1947 ഓഗസ്റ്റ് 15ന് എന്തായിരുന്നോ ഒരു ആരാധനാലയത്തിന്റെ മത സ്വഭാവം അതങ്ങനെ തന്നെ നിലനിര്‍ത്തണം, 16ആം നൂറ്റാണ്ടിലെ കാര്യം പറഞ്ഞു ഒരു മത സ്ഥാപനത്തിന്റെയും സ്റ്റാറ്റസ് കോയ്ക്ക് മാറ്റം വരുത്താന്‍ പാടില്ല എന്നാണ്.
അപ്പൊ എന്റെ ചോദ്യം ഇതാണ്.
ശരിക്കും നിങ്ങളെ സംബന്ധിച്ച് എന്ന് മുതലാണ് ആധുനിക ചരിത്രം ആരംഭിക്കുന്നത്?
ഇരുപതാം നൂറ്റാണ്ട് മുതലോ അതോ പതിനാറാം നൂറ്റാണ്ട് മുതലോ?
അതോ ഇന്ത്യയുടെ ചരിത്രം പറയുമ്പോള്‍ ഇരുപതാം നൂറ്റാണ്ടും ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ പതിനാറാം നൂറ്റാണ്ടുമാവണം ബേസ് ഇയര്‍ എന്നാണോ നിലപാട്!
അത് നല്ലൊരു ഇതാണ്.
എന്തായാലും പാലസ്തീനിന്റെ കാര്യത്തില്‍ യു.എന്‍ പ്രഖ്യാപിച്ച പാര്‍ട്ടീഷന്‍ പ്ലാന്‍ പ്രകാരമുള്ള രണ്ട് രാഷ്ട്രങ്ങളല്ല, അവിഭക്ത ബ്രിട്ടീഷ് മാന്‍ഡേറ്റ് ആണ് യഥാര്‍ത്ഥ പൊളിറ്റിക്കല്‍ എന്റിറ്റി എന്ന് നിങ്ങള്‍ പറയുന്ന സാഹചര്യത്തില്‍ അഖണ്ഡ ഭാരതത്തിന്റെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.
അവിടെ പിന്നെയും മാറ്റി പറയരുത്…
Discussion about this post