തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ അധികൃതർ നൽകുന്ന മുന്നറിയിപ്പ് പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലാകും ഇടിമിന്നൽ ഉണ്ടാകുക. ഇടിമിന്നലിന് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോ മീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന കാറ്റിനാണ് സാദ്ധ്യത.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Discussion about this post