തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ആലന്തറ സർക്കാർ യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹമാസകലം ചൊറിച്ചിലും ശ്വാസ തടസ്സവും. പകർച്ച വ്യാധിയാണെന്ന സംശയത്തെ തുടർന്ന് സ്‌കൂൾ അടച്ച് പൂട്ടി. ഒരാഴ്ചയ്ക്കിടെ നൂറോളം വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയായിരുന്നു വിദ്യാർത്ഥികൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടത്. ആദ്യം അഞ്ച് പേരിലായിരുന്നു രോഗലക്ഷണം കണ്ടത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എന്നാൽ വെള്ളിയാഴ്ചയോടെ കൂടുതൽ കുട്ടികൾക്ക് ചൊറിച്ചിലും ശ്വാസ തടസ്സവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മറ്റൊരു ക്ലാസ് റൂമിലേക്ക് വിദ്യാർത്ഥികളെ മാറ്റുകയും ക്ലാസ് മുറി വൃത്തിയാക്കുകയും ചെയ്തു.
തിങ്കളാഴ്ച അവധി കഴിഞ്ഞെത്തിയ കുട്ടികളെ അതേ ക്ലാസിൽത്തന്നെ വീണ്ടും പ്രവേശിപ്പിച്ചു. ഇതോടെ വീണ്ടും വിദ്യാർത്ഥികൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു. അടുത്തിടെ ചോക്ക് നിർമാണത്തിന്റെ പരിശീലനം ഈ ക്ലാസ് മുറിയിൽ നടന്നിരുന്നു. ഇതിന്റെ അലർജിയാണ് കുട്ടികൾക്ക് അനുഭവപ്പെടുന്നത് എന്നാണ് സൂചന.
അതേസമയം രക്ഷിതാക്കളാണ് വിവരം ആരോഗ്യപ്രവർത്തകരെ അറിയിച്ചത്. ഇതേ തുടർന്ന് വാമനപുരം ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ ഇന്നലെ സ്‌കൂളിൽ എത്തി പരിശോധന നടത്തി. ഇതിന് ശേഷമായിരുന്നു സ്‌കൂൾ അടച്ച് പൂട്ടിയത്.
Discussion about this post