ജെറുസസേലം: ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഗാസയുടെ അതിർത്തി മേഖലകൾ പിടിച്ചെടുത്ത് ഇസ്രായേൽ. പ്രതിരോധ സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ഇസ്രായേൽ- ഹമാസ് പോരാട്ടത്തിൽ മരണം മൂവായിരം കടന്നു.
ഗാസയുടെ സമീപ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തിന്റെ അതിർത്തി മേഖലകളും പിടിച്ചെടുക്കുന്നത്. ഇവിടെ വൻ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. അതിർത്തി മേഖലകൾ കൂടി നിയന്ത്രണത്തിലാക്കിയതോടെ ഹമാസ് ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം സൈന്യം കൂടുതൽ ശക്തമാക്കി.
ഇന്നലെ രാത്രി 200 ഓളം ഹമാസ് കേന്ദ്രങ്ങളിലേക്കാണ് റോക്കറ്റ് പായിച്ചത്. ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ ഇതിൽ നിലം പൊത്തി. ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദെയ്ഫിന്റെ പിതാവിന്റെ വീടും ആക്രമണത്തിൽ തകർന്നിട്ടുണ്ട്.
ഇതിനിടെ സിറിയയിലേക്കും ഇസ്രായേൽ വ്യോമാക്രണം നടത്തി. രാത്രി സിറിയയിൽ നിന്നുള്ള റോക്കറ്റുകൾ ഇസ്രായേൽ മേഖലയിൽ പതിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ആയിരുന്നു ഇസ്രായേലിന്റെ പ്രത്യാക്രമണം. ഇന്നലെ ലെബനനിൽ നിന്നും ഇസ്രായേൽ ആക്രമണം നേരിട്ടിരുന്നു.
Discussion about this post