ന്യൂഡൽഹി: ഐസിസി ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്ത അഫ്ഗാനെ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയുടെയും വിരാട് കൊഹ്ലിയുടെയും ഇഷാൻ കിഷന്റെയും ബാറ്റിംഗ് മികവിന്റെയും ബലത്തിലാണ് ഇന്ത്യ അനായാസം തോൽപ്പിച്ചത്. 90 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയലക്ഷ്യം ഭേദിച്ചു.
ലോകകപ്പിലെ ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചുറിയിൽ കപിൽദേവിന്റെ റെക്കോഡ് മറികടന്നാണ് രോഹിത് ശർമ്മ 100 തികച്ചത്. 63 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി തികച്ചത്. 84 പന്തുകളിൽ നിന്ന് 16 ഫോറുകളും അഞ്ച് സിക്‌സറുകളും അടക്കം രോഹിത് 131 റൺസെടുത്തു. ഇഷാൻ കിഷൻ 47 പന്തിൽ നിന്ന് 47 റൺസെടുത്ത് പുറത്തായി. വിരാട് കൊഹ്ലി പുറത്താകാതെ 56 പന്തിൽ നിന്ന് 55 റൺസെടുത്തു. ശ്രേയസ് അയ്യർ 23 പന്തിൽ 25 റൺസെടുത്തു. 35 ാം ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡും രോഹിത് ഈ പ്രകടനത്തോടെ സ്വന്തം പേരിലാക്കി. 554 സിക്‌സറുകളാണ് രോഹിതിന്റെ പേരിൽ ഉളളത്. 553 സിക്‌സുകളടിച്ച ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബൂമ്രയാണ് ബൗളിംഗിൽ അഫ്ഗാന് വെല്ലുവിളി ഉയർത്തിയത്. ഹർദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകളെടുത്തു.
80 റൺസെടുത്ത നായകൻ ഹഷ്മത്തുളള ഷഹീദിയാണ് അഫ്ഗാന് വേണ്ടി കൂടുതൽ റൺസടിച്ചത്. അസ്മത്തുളള ഒമർസായ് 69 പന്തിൽ 62 റൺസെടുത്തു.
Discussion about this post