തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ തീരമണഞ്ഞ് ആദ്യ കപ്പൽ. ചൈനീസ് ചരക്കുകപ്പലായ ഷെൻഹുവ 15 ഉച്ചയോടെ തുറമുഖത്ത് നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്.
ഇന്നു തന്നെ കപ്പലിന്റെ ബർത്തിംഗ് നടത്തുമെന്നാണ് വിവരം. ആദ്യ കപ്പൽ എത്തുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകീട്ട് നാല് മണിയ്ക്ക് നടക്കും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാൾ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ആഘോഷപരിപാടികളിൽ പങ്കെടുക്കും.
മൂന്ന് ടഗ് ബോട്ടുകൾ ഉപയോഗിച്ചാണ് കപ്പൽ കരയ്ക്ക് എത്തിച്ചത്. 70 ടൺ ശേഷി ഇവയ്ക്കുണ്ട്. പിഷ് ടു ഷോർ ക്രെയിനുകളുമായിട്ടാണ് കപ്പൽ എത്തിയത്. 62 മീറ്ററാണ് ഇതിന്റെ പരിധി. കപ്പലുകളിൽ നിന്നും കണ്ടെയ്‌നറുകൾ കയറ്റാനും ഇറക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. എട്ട് പിഷ് ടു ഷോർ ക്രെയിനുകളാണ് വിഴിഞ്ഞത്ത് എത്തിക്കുന്നത്. ഇതിൽ ആദ്യത്തേത് ആണ് ഷെൻഹുവ 15ൽ ഉള്ളത്. ഇതിന് പുറമേ തുറമുഖ നിർമ്മാണത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും കപ്പലിൽ ഉണ്ട്.
233.6 മീറ്ററാണ് കപ്പലിന്റെ നീളം. 42 മീറ്റർ വീതിയുള്ള കപ്പലിന് 20 മീറ്റർ ആഴമുണ്ട്. ഓഗസ്റ്റ് 30 നായിരുന്നു വിഴിഞ്ഞം ലക്ഷ്യമിട്ട് ഷെൻഹുവ 15 പുറപ്പെട്ടത്. ചൈനയിലെ ഷാൻഹായ് തുറമുഖത്തിൽ നിന്നായിരുന്നു കപ്പൽ യാത്ര ആരംഭിച്ചത്. കഴിഞ്ഞ മാസം 24 ന് കപ്പൽ ഇന്ത്യൻ തീരത്ത് എത്തി. എന്നാൽ വിഴിഞ്ഞത്ത് അടുപ്പിക്കാൻ കഴിയാത്തതിനാൽ മുന്ദ്ര തുറമുഖത്തേക്ക് പോകുകയായിരുന്നു.
Discussion about this post