തിരുവനന്തപുരം; ഇസ്രായേലിൽ സാധാരണക്കാർക്ക് നേരെ ഹമാസ് ഭീകരർ നടത്തുന്ന കൂട്ടക്കുരുതിയെ നിസാരവൽക്കരിച്ച് സിപിഎം നേതാവ് എം സ്വരാജ് രംഗത്ത്. അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്. എന്ന തലക്കെട്ടിലാണ് സ്വരാജ് കുറിപ്പെഴുതിയത്. പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്. ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.
പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്. കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോൾ നിശബ്ദരായിരുന്നവരാണ്. അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളർന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാൻ അറച്ചുനിന്ന മനുഷ്യ സ്നേഹികളിൽ നിന്നും ആര്യം നീതി പ്രതീക്ഷിക്കുന്നില്ല. ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണെന്ന് സ്വരാജ് കുറിച്ചു.
ലോക ഭൂപടത്തിൽ ഒരു പിടി മണ്ണു വാരിവിതറിയതുപോലെ ചില ചെറിയ കുത്തുകൾ മാത്രമാണിന്നു പലസ്തീൻ. ആ ചെറുതരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ പലസ്തീനിയെയും കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളർന്നു നിൽക്കുമ്പോൾ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനു മുമ്പ് ഒടുവിലായവർ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികൾ തന്നെ എന്നും സ്വരാജ് പറയുന്നു.
Discussion about this post