ജറുസലേം: ഹമാസ് ഭീകരർ ബന്ദികളാക്കിയ കുടുംബാംഗങ്ങളെ വിട്ട് കിട്ടാൻ രോട് കേണപേക്ഷിച്ച് ഇസ്രായേൽ യുവതി. കുടുംബാംഗങ്ങളെ മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് യിഫാറ്റ് സെയ്‌ലർ ആണ് സമൂഹമാദ്ധ്യമത്തിൽ വീഡിയോയുമായി രംഗത്ത് വന്നത്. കരഞ്ഞുകൊണ്ട് യുവതി പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങൡ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവതിയുടെ അമ്മാവനെയും കുടുംബത്തെയുമാണ് ഹമാസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്നത്. ഗാസ അതിർത്തിയ്ക്ക് സമീപമുള്ള കിബ്ബൂടസ് നിർ ഒസിലാണ് കുടുംബം താമസം. ശനിയാഴ്ച രാവിലെ മുതൽ ഇവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് യുവതി പറയുന്നത്. രാവിലെ അമ്മാവന്റെ മകളുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് ഫോൺ കട്ടായിപ്പോയി. തുടർന്ന് അങ്ങോട്ട് വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് സെയ്‌ലർ പറയുന്നു.
ഇതോടെ പരിഭ്രമത്തിലായി. തുടർന്ന് അമ്മാനുമായി ബന്ധപ്പെട്ടെങ്കിലും ഫലം കണ്ടില്ല. അൽപ്പനേരത്തിന് ശേഷം പ്രദേശത്ത് ഭീകരർ എത്തിയെന്നും നിരവധി പേരെ ബന്ദികളാക്കിയെന്നുമുള്ള വാർത്ത മാദ്ധ്യമങ്ങൾ വഴി അറിയുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു. ഒഴിഞ്ഞ വീടിന്റെ ചിത്രങ്ങളും യുവതി മാദ്ധ്യമങ്ങളിലൂടെ കണ്ടു.
അന്ന് മുതൽ ഇന്നുവരെ ഭീതിയോടെയും അതിയായ ദു:ഖത്തോടെയുമായി ജീവിക്കുന്നത് എന്ന് യുവതി പറയുന്നു. ഉറങ്ങിയിട്ട് ദിവസങ്ങളായി. തനിക്ക് കുടുംബത്തെ തിരികെ വേണം. യുദ്ധവുമായി യാതൊരു ബന്ധവും ഇല്ലാത്തവർ ആണ് ഇവർ. ഇവരുടെ മോചനത്തിനായി എന്തെങ്കിലും അത്ഭുതം സംഭവിക്കണേ എന്നാണ് ഒരോ നിമിഷവും പ്രാർത്ഥിക്കുന്നത്. ജീവനോടെയുള്ള അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. ആരെങ്കിലും സഹായിക്കണമെന്നും സെയ്‌ലർ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.
Discussion about this post