പാമ്പാടി; ആർഎസ്എസിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ മാപ്പുപറഞ്ഞ് മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി. ലീഗിന്റെ പുതുപ്പളളി മണ്ഡലം ജനറൽ സെക്രട്ടറി നിസാർ പാമ്പാടിയാണ് പരസ്യമായി സമൂഹമാദ്ധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞത്. സംഭവത്തിൽ ആർഎസ്എസ് പ്രാദേശിക നേതൃത്വം
പാമ്പാടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ തുടർ നടപടിയുടെ ഭാഗമായി സ്റ്റേഷനിൽ ഹാജരായ നിസാർ പരാതിയിൽ പറഞ്ഞിരിക്കുന്നതുപോലുളള സോഷ്യൽ മീഡിയ പോസ്റ്റുകൾ മേലിൽ തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് സ്റ്റേഷനിൽ ഉറപ്പു നൽകി. ഭാവിയിൽ ഇത്തരം പോസ്റ്റുകൾ ഉണ്ടായാൽ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് പോലീസും താക്കീത് നൽകി. ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് ചോദിക്കാമെന്നും നിസാർ സമ്മതിച്ചതോടെയാണ് പരാതി തീർപ്പാക്കിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇയാൾ മാപ്പുപറഞ്ഞത്.
ആർഎസ്എസ് ശാഖയിൽ പോകുന്ന കുട്ടികളുടെ അനുഭവം എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇയാൾ പങ്കുവെച്ചത്. ഉനൈസ് തയാൽ എന്നയാളുടെ പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു. സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിൽ വിഷയം ചർച്ചയായതോടെയാണ് പരാതി നൽകിയത്.
സാമാന്യയുക്തിക്ക് നിരക്കുന്ന അന്വേഷണം പോലും നടത്താതെയാണ് ഇയാൾ ഫേസ്ബുക്ക് റീൽ ഷെയർ ചെയ്തത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് നിസാർ ഇത്തരം പ്രവൃത്തി ചെയ്യുന്നത് പൊതു സമൂഹത്തിനാകെ തെറ്റായ സന്ദേശം നൽകുമെന്നും അതിനാലാണ് നിയമ നടപടിക്ക് തയ്യാറായതെന്നും ആർഎസ്എസ് പ്രാദേശിക നേതൃത്വം പ്രതികരിച്ചു. തികച്ചും വ്യാജമായ പോസ്റ്റാണ് ഇയാൾ പങ്കുവെച്ചതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയെന്നതായിരുന്നു ഉദ്ദേശ്യമെന്നും ആർഎസ്എസ് കൂട്ടിച്ചേർത്തു.
പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ലീഗിന് വേണ്ടി സജീവമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് നിസാർ.
Discussion about this post