അഹമ്മദാബാദ് : ഏകദിന ലോകകപ്പിൽ പാകിസ്താനെ തോൽപ്പിക്കുന്ന ശീലം തുടർന്ന് ടീം ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മത്സരത്തിൽ സർവ്വമേഖലകളിലും പാകിസ്താനെ പിന്തള്ളിയാണ് ഇന്ത്യ വിജയക്കുതിപ്പ് തുടർന്നത്. അൻപതോവർ ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മുന്നിൽ കഴിഞ്ഞ ഏഴു പ്രാവശ്യവും പാകിസ്താൻ തോറ്റിരുന്നു .
ടോസ് നേടി പാകിസ്താനെ ബാറ്റിംഗിനയച്ച ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളിംഗ്. ആദ്യ 25 ഓവറുകളിൽ ഭേദപ്പെട്ട നിലയിലായിരുന്ന പാകിസ്താൻ ക്യാപ്ടൻ ബാബർ അസമിന്റെ വിക്കറ്റ് വീണതോടെ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഒരു ഘട്ടത്തിൽ മൂന്നിന് 155 റൺസ് എന്ന നിലയിലായിരുന്ന പാകിസ്താൻ 191 ന് ഓൾ ഔട്ടാവുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന കൂട്ടുകെട്ട് പാകിസ്താനെ കൂറ്റൻ സ്കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും മുഹമ്മദ് സിറാജിന്റെ പന്ത് ബാബർ അസമിന്റെ ഓഫ്‌സ്റ്റമ്പ് പിഴുതതോടെ തകർച്ച ആരംഭിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സിറാജ്, ബൂമ്ര, കുൽദീപ്, ഹാർദിക് പാണ്ഡ്യ, ജഡേജ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
192 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ മിന്നൽ തുടക്കമിട്ടെങ്കിലും അഫ്രിഡിയുടെ പന്തിൽ ഷാദാബ് ഖാൻ പിടിച്ച് പുറത്തായി. 11 പന്തിൽ നാല് ബൗണ്ടറികളുടെ സഹായത്തോടെ 16 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ഗിൽ തുടങ്ങിയിടത്ത് നിന്ന് ആക്രമണം രോഹിത് ശർമ്മ ഏറ്റെടുത്തതോടെ പാക് ബൗളർമാർ നിസ്സഹായരായി. കോഹ്‌ലിക്കൊപ്പം ചേർന്ന് രോഹിത് 56 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 79 ൽ നിൽക്കെ ഹസൻ അലിയുടെ പന്ത് പുൾ ചെയ്യാൻ ശ്രമിച്ച് 16 റൺസെടുത്ത കോഹ്‌ലി പുറത്തായി.
സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്ന് അനായാസം സിക്സറുകളും ഫോറുകളും പ്രവഹിച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. സ്കോർ 156 ൽ നിൽക്കെ അഫ്രിഡിയുടെ വേഗം കുറഞ്ഞ പന്തിൽ ബാറ്റ് വെച്ച രോഹിത് ഇഫ്തിഖർ അഹമ്മദ് പിടിച്ച് പുറത്തായി. 63 പന്തിൽ ആറു വീതം സിക്സറുകളും ബൗണ്ടറികളും പായിച്ചാണ് രോഹിത് 86 റൺസ് നേടിയത്.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയസ്സ് അയ്യരും കെ.എൽ രാഹുലും ഇരുപതോളം ഓവറുകൾ ശേഷിക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ശ്രേയസ്സ് അയ്യർ 53 ഉം കെ.എൽ രാഹുൽ 19 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.
ഏഴ് ഓവറിൽ 19 റൺസിന് 2 വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Discussion about this post