ന്യൂഡൽഹി : കശ്മീരിൽ സമാധാനം പുനരുജ്ജീവിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി ഷെഹ്ല റാഷിദ്. ഉമർ ഖാലിദിനും ഇപ്പോൾ കോൺഗ്രസിൽ ചേർന്ന കനയ്യ കുമാറിനുമൊപ്പം നിന്നുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ സംസാരിച്ചയാളാണ് ഷെഹ്ല. ഇസ്രായേൽ ഹമാസ് സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഷെഹ്ല കേന്ദ്ര സർക്കാരിനെയും മറ്റ് സംവിധാനങ്ങളെയും പ്രശംസിച്ചത്.
”സുരക്ഷയില്ലാതെ സമാധാനം അസാധ്യമാണെന്ന് മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഭവം നമുക്ക് കാണിച്ചുതരികയാണ്. ഇന്ത്യൻ ആർമി, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസിലെ ധീരരായ ഉദ്യോഗസ്ഥർ എന്നിവർ കശ്മീരിൽ ദീർഘകാല സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ മഹത്തായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു” മുൻ വിദ്യാർത്ഥി നേതാവ് ട്വീറ്റ് ചെയ്തു. കശ്മീരിൽ സമാധാനം കൊണ്ടുവന്നതിന് മോദിക്കും അമിത് ഷായ്ക്കും ഷെഹ്ല പ്രത്യേകം നന്ദി പറഞ്ഞിട്ടുണ്ട്.
2019 ൽ, സായുധ സേന വീടുകൾ കൊള്ളയടിക്കുകയും കശ്മീരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിന് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തിരുന്നു.
തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരായ ഹർജിക്കാരുടെ പട്ടികയിൽ നിന്ന് ഷെഹ്ല റാഷിദ് തന്റെ പേര് പിൻവലിച്ചിരുന്നു. ‘ഇത് അംഗീകരിക്കുന്നത് അസൗകര്യമാണെങ്കിലും,നരേന്ദ്ര മോദി സർക്കാരിന്റെയും ജമ്മു കശ്മീർ ഭരണകൂടത്തിന്റെയും കീഴിൽ കശ്മീരിലെ മനുഷ്യാവകാശ റെക്കോർഡ് മെച്ചപ്പെട്ടു. എല്ലാ കാര്യങ്ങളിലുമുള്ള സർക്കാരിന്റെ വ്യക്തമായ നിലപാട് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. അതാണ് എന്റെ ആംഗിൾ,’ ഷെഹ്ല റാഷിദ് പറഞ്ഞു.
Discussion about this post