ബേയ്‌റൂട്ട്: ഹമാസിനെതിരായ പോരാട്ടത്തിനിടെ ഇസ്രായേലിനെ പ്രകോപിപ്പിച്ച് ഹിസ്‌ബൊള്ള. ലബനൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തി. ഇതിൽ ഇസ്രായേൽ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രാവിലെയോടെയായിരുന്നു ആക്രമണം. അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള ഇസ്രായേൽ സൈനികരെയായിരുന്നു ഹിസ്‌ബൊള്ള ലക്ഷ്യമിട്ടിരുന്നത്. ഷ്തുലയിലായിരുന്നു റോക്കറ്റ് പതിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചയോടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന രംഗത്ത് എത്തുകയായിരുന്നു. ഇസ്രായേലിന്റെ ടാങ്കുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത് എന്നാണ് ഹിസ്‌ബൊള്ള വിശദമാക്കുന്നത്. കഴിഞ്ഞ ദിവസം ഹമാസിനെ പിന്തുണയ്ക്കുമെന്നും ഇസ്രായേലിനെ ആക്രമിക്കാൻ കൂടെ നിൽക്കുമെന്നും വ്യക്തമാക്കി ഹിസ്‌ബൊള്ള നേതാവ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ആക്രമണം. അതേസമയം ഹിസ്‌ബൊള്ളയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാനാണ് ഇസ്രായേലിന്റെ തീരുമാനം.
ഹമാസിനെതിരായ പോരാട്ടം ആരംഭിച്ചതിന് പിന്നാലെ ഹിസ്‌ബൊള്ള ഇസ്രായേലിൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇതിന് കനത്ത തിരിച്ചടി ഇസ്രായേൽ നൽകി. ഇതോടെ ഹിസ്‌ബൊള്ള പിൻവാങ്ങുകയായിരുന്നു.
Discussion about this post