തിരുവനന്തപുരം : മുസ്ലീം ആണെങ്കിൽ സ്ത്രീകൾ തട്ടം ഉപയോഗിച്ചിരിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനിൽ കുമാറിന്റേത് മതപരമായ വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും പിഎംഎ സലാം ആരോപിച്ചു.
പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം എന്ന് പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചെറിയ ആളല്ല. എന്നാൽ എംവി ഗോവിന്ദൻ ഒരു പ്രസ്താവനയിലൂടെ അത് പാർട്ടി നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ചൂണ്ടിക്കാട്ടി അതിനെ മായിച്ചുകളഞ്ഞു. പക്ഷേ അതുകൊണ്ടൊന്നും പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് പിഎംഎ സലാം പറഞ്ഞു. തട്ടം ഇടാതിരിക്കാനുള്ള പ്രചോദനം മാർക്‌സിസ്റ്റ് പാർട്ടി കൊടുത്തു എന്നാണ് അനിൽ കുമാർ പറഞ്ഞത് എന്നും സലാം കൂട്ടിച്ചേർത്തു.
മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ തല മറയ്ക്കുക എന്നത് നിർബന്ധമാണ്. മുസ്ലീം പേരുള്ള ഒരുപാട് പേർ അത് ചെയ്യുന്നില്ല. അതുകൊണ്ട് മാത്രം അതാണ് മുസ്ലീമിന്റെ രീതി എന്ന് പറയാൻ പറ്റില്ല. ഒരു സ്ത്രീ മുസ്ലീം ആണെങ്കിൽ അവർ തട്ടം ധരിച്ചിരിക്കണം. ലീഗിലെ മുസ്ലീം സ്ത്രീകളോടും തങ്ങൾ ഇക്കാര്യം ഉപദേശിക്കാറുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.
Discussion about this post